ഭീഷണിപ്പെടുത്തി പണം തട്ടാനാണ്  എഎസ്ഐ ശ്രമിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പോലീസുകാരന് എതിരെ  ഇക്കാര്യത്തില്‍ രേഖാമൂലം പരാതി കിട്ടിയിട്ടില്ല എന്നായിരുന്നു  സർക്കാരിന്‍റെ മറുപടി.

കൊച്ചി: കൊച്ചിയില്‍ താമസിക്കുന്ന ഉത്തരേന്ത്യൻ പെൺകുട്ടി പീഡനത്തിന് ഇരയായ കേസന്വേഷിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട എഎസ്ഐക്കെതിരെ ഹൈക്കോടതി. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന വിനോദ് കൃഷ്ണക്ക് എതിരെ എന്ത് കൊണ്ട് ക്രിമിനൽ കേസെടുക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ സര്‍ക്കാരിനോട് ചോദിച്ചു.

ഭീഷണിപ്പെടുത്തി പണം തട്ടാനാണ് എഎസ്ഐ ശ്രമിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പോലീസുകാരന് എതിരെ ഇക്കാര്യത്തില്‍ രേഖാമൂലം പരാതി കിട്ടിയിട്ടില്ല എന്നായിരുന്നു സർക്കാരിന്‍റെ മറുപടി. അമ്മയുടെ മൊഴി എടുത്തപ്പോൾ ഇങ്ങനെ ആരോപണം ഉന്നയിച്ചതല്ലാതെ പരാതി ആയി തന്നിട്ടില്ലെന്ന് സർക്കാർ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

കേസന്വേഷണത്തിന് ദില്ലിയില്‍ പോകാനും താമസസൗകര്യത്തിനും പൊലീസ് പരാതിക്കാരിയുടെ കയ്യിൽ നിന്ന് പണം വാങ്ങിയത് തെറ്റാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പൊലീസുകാരനെതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാര‍ മുന്നോട്ട് പോകണം. കേസന്വേഷണത്തിന് പൊലീസുകാർക്കുള്ള ചിലവിന് പണം നൽകാൻ സർകാർ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. പരാതിക്കാരിൽ നിന്ന് വാങ്ങിയ പണം തിരികെ കൊടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസിലെ തുടർനടപടികളിൽ സഹായിക്കാൻ അമികസ്ക്യൂറിയെ ഹൈക്കോടതി നിയമിച്ചു.