ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടോ? ദേവസ്വത്തോട് ഹൈക്കോടതി; ഹർജി ഇന്നും പരിഗണിക്കും
ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പരിശോധിക്കുകയും ചെയ്തു

കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൻ്റെ സി സി ടി വി ദൃശ്യങ്ങൾ ഉണ്ടോയെന്ന് ഹൈക്കോടതിയുടെ ചോദ്യം. തിരുവിതാംകൂർ ദേവസ്വം ബോർഡിനോടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. മേൽശാന്തി തെരഞ്ഞെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങൾ കൈവശം ഉണ്ടെങ്കിൽ അറിയിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി.
മേൽശാന്തി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെട്ടുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പരിശോധിക്കുകയും ചെയ്തു. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നറുക്കെടുപ്പ് സമയത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ദൃശ്യങ്ങളടക്കം കോടതി പരിശോധിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ശബരിമല മേൽശാന്തിയായി പി എൻ മഹേഷ് നെയും മാളികപ്പുറം മേൽശാന്തിയായി പി ജി മുരളിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിൽ വിജയിച്ച ആളുടെ പേര് അടങ്ങിയ പേപ്പർ മാത്രം മടക്കിയും ബാക്കി ചുരുട്ടിയുമാണ് ഇട്ടതെന്ന് ചൂണ്ടികാട്ടിയായിരുന്നു തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്പൂതിരി ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. ഈ ഹർജിയിലാണ് സി സി ടി വി ദൃശ്യങ്ങൾ ഉണ്ടോയെന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്.
അതേസമയം ശബരിമലയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വാർത്ത ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചതാണ്. ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുവാനായി കെ എസ് ആര്‍ ടി സി, മോട്ടോര്‍ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷ അതോറിറ്റി, മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ പമ്പ സാകേതം ഹാളില്‍ ചേര്‍ന്ന ശേഷമാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.