കൊച്ചി: ആർടിഒക്ക് എതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച ബസുടമകൾക്ക് വൻ തിരിച്ചടി. കേസ് അനാവശ്യമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ബസുടമകൾക്ക് എതിരെ അഞ്ച് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

എറണാകുളം ബസ് ട്രാൻസ്‌പോർട് അസോസിയേഷനാണ് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. മുൻ ആർടിഒ ജോജി പി ജോസിനെതിരെയായിരുന്നു ഹർജി. ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് കണ്ടെത്തിയ ശേഷമാണ് കേരള ഹൈക്കോടതി ഉയർന്ന തുക പിഴ ചുമത്തിയത്.

ബസുടമകൾ പിഴയായി ഒടുക്കുന്നതിൽ മൂന്ന് ലക്ഷം രൂപ ജോജി പി ജോസിനും രണ്ടു ലക്ഷം രൂപ കെൽസ യ്ക്കും നൽകണം. അസോസിയേഷൻ സെക്രട്ടറി നവാസിൽ നിന്നും തുക ഈടാക്കാനും കോടതി ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

അനാവശ്യ പരാതി നൽകി കോടതിയുടെ സമയം കളഞ്ഞതിനാണ് പിഴ ചുമത്തിയത്. ജോജി പി ജോസ് ബസുടമകളെ അനാവശ്യമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്. വിജിലൻസ് അന്വേഷണത്തിൽ ആരോപണം തെറ്റാണെന്നു കണ്ടെത്തിയിരുന്നു.