ഓഹരി വിൽപ്പനയിൽ അഴിമതി ആരോപിച്ച് നേരത്തെ വിജിലൻസിന്  നൽകിയ പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൻ്റെ ഉടമസ്ഥരായ സിയാൽ തൊഴിലാളികൾക്ക് നൽകാൻ നിശ്ചയിച്ച ഓഹരി തൊഴിലാളിയല്ലാത്ത ആൾക്ക് നൽകിയെന്ന പരാതിയിൽ സിയാൽ മുൻ എംഡി വിജെ കുര്യനെതിരായ ത്വരിതാന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. വിജെ കുര്യൻ നൽകിയ ഹർ‍ജിയിലാണ് കോടതി നടപടി. ഓഹരി വിൽപ്പനയിൽ അഴിമതി ആരോപിച്ച് നേരത്തെ വിജിലൻസിന് നൽകിയ പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. കളമശ്ശേരി സ്വദേശി നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ച് ഹ‍ജിയിൽ വിശദമായ വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.