ഇത്തരം പ്രശ്നങ്ങളില്‍ നഷ്ടം സംഭവിക്കുന്നത് ഇരകള്‍ക്ക് മാത്രമാണ്. മറ്റൊല്ലാം പെട്ടെന്ന് തന്നെ കെട്ടടങ്ങും. കുറ്റവാളികള്‍ വീണ്ടും അക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നു. 

തിരുവനന്തപുരം: ജോലി ചെയ്യുന്നതിനിടെ ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ. രാഹുല്‍ മാത്യു. ഇവിടെ കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും എന്നാല്‍, പ്രശ്നപരിഹാരം മാത്രം സാധ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭയാശങ്കയില്ലാതെ ജോലി ചെയ്യാന്‍ ഓരോ പൗരനും അവസരമൊരുക്കേണ്ടത് സ്റ്റേറ്റിന്‍റെ ഉത്തരവാദിത്വമാണ്. ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാത്രം അധികാരികള്‍ പ്രസ്താവന ഇറക്കിയത് കൊണ്ട് മാത്രം കാര്യം തീരുന്നില്ല. അത് നടപ്പാക്കുന്നതിലാണ് കാര്യം. കോടതിയും സര്‍ക്കാറും ഇത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സുരക്ഷിതമായി ജോലി ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആ സുരക്ഷിതത്വം നല്‍കാനുള്ള ബാധ്യത സര്‍ക്കാറിനാണ്. ഇത്തരം പ്രശ്നങ്ങള്‍ ഉയരുമ്പോള്‍ മാത്രം പ്രതികരണവുമായി വരികയും അതിന് ശേഷം അക്കാര്യം മറക്കുകയും ചെയ്യുന്നുവെന്നതാണ് ഇവിടുത്തെ പതിവ്. ഇത് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം പ്രശ്നം രൂക്ഷമാക്കാന്‍ മാത്രമാണ് സഹായിക്കുക. മറിച്ച് കര്‍ശനമായ നടപടികള്‍ എടുക്കുമ്പോള്‍ മാത്രമാണ് പൊതുസമൂഹത്തിന് ഇത്തരം കാര്യത്തില്‍ അവബോധം സൃഷ്ടിക്കപ്പെടുകയുള്ളൂ. എന്നാല്‍, ദൗര്‍ഭാഗ്യകരമായി അത്തരം നടപടികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നില്ലെന്നതാണ് പ്രശ്നം. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വിഷയം ആളിക്കത്തുമെങ്കിലും പിന്നെ അത് മാധ്യമങ്ങളും സംഘടനകളും പൊതു സമൂഹവും മറക്കും. പിന്നെ അത് വെറും ക്രിമിനല്‍ കേസായി മാത്രം മുന്നോട്ട് പോകും. ഇത്തരം കാര്യങ്ങളില്‍ പൊതു സമൂഹത്തിലും മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഡോക്ടറുടെ കൊലപാതകം: പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് ഐഎംഎ

നിലവില്‍ നിയമം ഉണ്ടായിട്ട് പോലും ഇവിടെ കുറ്റകൃത്യങ്ങള്‍ കൂടിവരികയാണ്. അതിനര്‍ത്ഥം നിലവിലെ നിയമത്തിന് അതിന്‍റെ ഉദ്ദേശശുദ്ധിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നതാണ്. ഇതിന് പരിഹാരം നിയമഭേദഗതി മാത്രമാണ്. പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും അതിന് പരിശ്രമിക്കേണ്ടതുണ്ട്. സുരക്ഷിതമായി ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കഴിയുന്ന തരത്തില്‍ നിയമഭേദഗതി ആവശ്യമാണ്. എങ്കില്‍ മാത്രമേ ഭയാശങ്കയിലാത്തെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇവിടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയൊള്ളൂവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 2021 ല്‍ മാവേലിക്കരയില്‍‌ വച്ചുണ്ടായ സമാനമായ ഒരു ആശുപത്രി അതിക്രമത്തിന്‍റെ ഇരയാണ് ഡോ. രാഹുല്‍ മാത്യു. ആ കേസ് ഇപ്പോഴും വിചാരണ കാത്ത് നില്‍ക്കുന്നു. 

YouTube video player

ഡോക്ടർ വന്ദനയുടെ കൊലപാതകം: പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേ? വിമർശനവുമായി ഹൈക്കോടതി

ഇന്ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് ഡ്യൂട്ടിക്കിടെ യുവ വനിതാ ഡോക്ടര്‍ വന്ദനാ ദാസ് (23) കൊല്ലപ്പെട്ടത്. പുലര്‍ച്ചെ കാര്യമായ സുരക്ഷയില്ലാതെ പരിശോധനയ്ക്കായെത്തിച്ച എസ്. സന്ദീപാണ് ആശുപത്രിയില്‍ ഉപയോഗിച്ചിരുന്ന കത്രിക ഉപയോഗിച്ച് ഡോക്ടറെയും കൂടെയുണ്ടായിരുന്ന പോലീസുകാരെയും അടക്കം നാല് പേരെ കുത്തി പരിക്കേല്‍പ്പിച്ചത്. നെഞ്ചിലും നട്ടെല്ലിലും കുത്തേറ്റ ഡോ. വന്ദനാ ദാസ് പിന്നീട് മരിച്ചു. സന്ദീപ് മയക്കുമരുന്നിന് അടിയായിരുന്നെന്നും സ്വഭാവദൂഷ്യത്തിന് സസ്പെന്‍ഷനിലായ അധ്യാപകനുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളത്തിലെ ആശുപത്രികളില്‍, പ്രത്യേകിച്ചും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും നേരെയുള്ള അക്രമണങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കേരളത്തില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ 137 അക്രമണങ്ങളാണ് നടന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അക്രമണങ്ങള്‍ കൂടുമ്പോഴും പലപ്പോഴും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു. കര്‍ശനമായ നിയമവ്യസ്ഥയുടെ അഭാവമാണ് ഇത്തരം ആക്രമണങ്ങള്‍ കൂടുന്നതിന് കാരണമെന്ന് ആരോഗ്യരംഗത്തുള്ളവരും പറയുന്നു.