Asianet News MalayalamAsianet News Malayalam

ശബരിമലയിൽ രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കാനാകില്ല; സ്വകാര്യ കമ്പനിയുടെ 'ഹെലികോപ്റ്റർ' പരസ്യത്തിനെതിരെ ഹൈക്കോടതി

സോപാനത്തിലെ ദർശനത്തിന് നിയന്ത്രണമുണ്ട്. ഹെലികോപ്റ്റർ വഴി വരുന്നവർക്ക് വിഐപി ദർശനവും പ്രത്യേക പരിഗണനയും നൽകാനാകില്ല. രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി

  kerala high court against helicopter service in  sabarimala advertisement
Author
First Published Dec 6, 2022, 12:11 PM IST

പത്തനംതിട്ട : ശബരിമലയിൽ സ്വകാര്യ കമ്പനി ഹെലികോപ്റ്ററടക്കം വിഐപി ദർശനം വാഗ്ദാനം ചെയ്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ശബരിമലയിൽ രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സോപാനത്തിലെ ദർശനത്തിന് നിയന്ത്രണമുണ്ട്. ഹെലികോപ്റ്റർ വഴി വരുന്നവർക്ക് വിഐപി ദർശനവും പ്രത്യേക പരിഗണനയും നൽകാനാകില്ല. രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി നിരീക്ഷിച്ചു. നിലക്കലിൽ സജീകരിച്ച ഹെലിപ്പാട് താൽക്കാലിക സംവിധാനം മാത്രമാണെന്നും കോടതി വ്യക്തമാക്കി. കേസ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കും. 

ശബരിമലയിലേക്ക് ഹെലികോപ്‌ടർ സർവീസ് നടത്തുന്നുവെന്നായിരുന്നു എൻഹാൻസ് ഏവിയേഷൻ സർവീസസ് എന്ന സ്വകാര്യ സ്ഥാപനം വെബ്സൈറ്റിൽ പരസ്യം നൽകിയത്.  ശബരിമല തീർത്ഥാടകർക്ക് കൊച്ചിയിൽ നിന്നും നിലയ്ക്കൽ വരെയായിരുന്നു സ്വകാര്യ കമ്പനി, ഹെലികോപ്റ്റർ വാഗ്ദാനം ചെയ്തത്. കൊച്ചിയിൽ നിന്ന് ഹെലികോപ്ടറിൽ നിലക്കലിലെത്തിക്കുന്ന ഭക്തരെ അവിടെ നിന്ന് സന്നിധാനത്തേക്കു ഡോളിയിൽ കൊണ്ടുപോകുമെന്നും ദർശനം കഴിഞ്ഞ് ഭക്തരെ തിരിച്ച് ഹെലികോപ്ടറിൽ കൊച്ചിയിലെത്തിക്കുമെന്നുമായിരുന്നു പരസ്യം. 

ഇത് ശ്രദ്ധയിൽപ്പെട്ട കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുക്കുകയായിരുന്നു. പരസ്യം സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടറിൽ നിന്നും ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കോടതി റിപ്പോർട്ട് തേടി. ‘ഹെലി കേരള’എന്ന വെബ്സൈറ്റിലുള്ള പരസ്യം നീക്കം ചെയ്യാനും കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാനും കമ്പനിയുടെ അഭിഭാഷകനോടും നിർദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. 


 

Follow Us:
Download App:
  • android
  • ios