സംസ്ഥാനത്തെ 12 സർവകലാശാലകളിൽ സ്ഥിരം വിസിമാർ ഇല്ലാത്തത് ഗുരുതരമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് കേരള ഹൈക്കോടതി. സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെയും സർവകലാശാലകളുടെ ചാൻസലറായ ഗവർണറെയും വിമർശിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

കേരള സർവകലാശാല വിസിയുടെ അധിക ചുമതല ഡോ. മോഹന്‍ കുന്നുമ്മലിന് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഈ ഹർജിയിലെ വിധിപ്പകർപ്പിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിമർശനം. ഡോ.മോഹൻ കുന്നുമ്മലിന് കേരള സർവകലാശാല വി.സിയുടെ താത്കാലിക ചുമതല നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജിയാണ് ഇന്നലെ തള്ളിയത്. കേരള സർവകലാശാല സെനറ്റ് അംഗങ്ങളായ ഡോ. എ ശിവപ്രസാദ്, പ്രിയ പ്രിയദർശൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. 

മോഹൻ കുന്നുമ്മലിന് അറുപത് വയസ് പിന്നിട്ടെന്നും ഗവേഷണ ബിരുദം ഇല്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. സ്ഥിരം വിസി നിയമനം വൈകിയത് കൊണ്ടാണ് സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി താത്കാലിക വിസിയെ നിയമിച്ചതെന്ന ഗവർണറുടെ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്.