കൊച്ചി: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രവാസികളെ സർക്കാർ കേന്ദ്രത്തിൽ ഏഴുദിവസം മാത്രം നിരീക്ഷിക്കാൻ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ദിവസങ്ങളുടെ കാര്യത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നിലവിൽ എത്തിയവരുടെ 7 ദിവസത്തെ നിരീക്ഷണം കഴിയും മുമ്പെങ്കിലും ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ കഴിയില്ലേയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.

സർക്കാർ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണം വേണമെന്നാണ് മാനദണ്ഡമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിതന്നെ പ്രധാനമന്ത്രിയോട് ഇളവ് തേടിയെന്ന് സംസ്ഥാന സർ‍ക്കാർ മറുപടി നൽകി. കേരളത്തിന്‍റെ  ആവശ്യം വിദഗ്ധ സമിതി അംഗീകരിച്ചില്ലെങ്കിൽ 14 ദിവസത്തെ സർക്കാർ നിരീക്ഷണം വേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതേത്തുടർന്നാണ് അടിയന്തരമായി തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.

ഓരോ സംസ്ഥാനങ്ങളും അവർക്ക് ആവശ്യമുള്ള രീതിയിൽ മാനദണ്ഡങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടാൽ പ്രതിരോധത്തിന്റെ താളം തെറ്റും എന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.  സാബു സ്റ്റീഫൻ എന്ന സ്വകാര്യ വ്യക്തിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിദേശത്ത് നിന്ന് വരുന്നവരുടെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ ഏഴു ദിവസം ആക്കുന്നതിൽ അനുകൂല തീരുമാനം കേന്ദ്ര സർക്കാരിൽ നിന്ന്  പ്രതീക്ഷിക്കുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വീട്ടിൽ പോയാലും ഇവർ ക്വാറന്റീനിൽ തുടരുമെന്നും ഇവർ ക്വാറന്റീനിൽ തുടരുമെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. 

സംസ്ഥാനങ്ങളുമായി ആലോചിച്ചാണ് പ്രവാസികളുടെ ക്വാറൻ്റീൻ പ്രോട്ടോക്കോൾ തയ്യാറാക്കിയതെന്ന് കേന്ദ്രം ഹൈക്കോടതിയിൽ നിലപാടെടുത്തു. 

വൈദ്യ സംഘത്തെ അയക്കുക രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ മാത്രം

വിദേശ രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ മാത്രമേ പ്രവാസികൾക്കായി പ്രത്യേക വൈദ്യസംഘത്തെ അയക്കാൻ കഴിയൂ എന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുമ്പോഴാണ് കേന്ദ്ര സർക്കാരിന്‍റെ മറുപടി. എന്നാൽ വിവിധ രാജ്യങ്ങളിലെ എംബസികളിലേക്ക് ഡോക്ടർമാരുടെ സംഘത്തെ അയക്കണമെന്നും അവിടെവെച്ച് ചികിൽസ ഉറപ്പാക്കണമെന്നും ദുബായ് കെ എം സി സി ആവശ്യപ്പെട്ടു. പ്രവാസികൾക്കായി ഡൽഹിയിൽ മുഴുവൻ സമയ കൺട്രോൾ റൂം തുറന്നെന്നും വിദേശ രാജ്യങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഹർജികൾ പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി.