Asianet News MalayalamAsianet News Malayalam

'തൊഴിലാളികളെ പട്ടിണിക്കിടാൻ പറ്റില്ല', ശമ്പളം നൽകാൻ 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകാൻ സർക്കാരിനോട് കോടതി

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ കെഎസ്ആർടിസി ആവശ്യപ്പെട്ട തുക കൈമാറാൻ സർക്കാരിനോട് ഹൈക്കോടതി

Kerala High court asks Government to give 103 crore rupees to KSRTC immediately
Author
Kochi, First Published Aug 24, 2022, 3:04 PM IST

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ അടിയന്തരമായി നൽകാൻ സർക്കാരിനോട് ഹൈക്കോടതി. സെപ്റ്റംബർ ഒന്നിന് മുമ്പ് ഈ തുക നൽകണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ കെഎസ്ആർടിസി ആവശ്യപ്പെട്ട തുക കൈമാറാനാണ് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്. തൊഴിലാളികളെ പട്ടിണിക്കിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. 

ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹ‍ർജി പരിഗണിക്കവേ, സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചിരുന്നു. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തി. എന്നാൽ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം ഉൾപ്പെടുത്തിയത്.

ശമ്പളം കൊടുക്കാനുള്ള നടപടികളിലേക്ക് കടക്കുന്നുണ്ടെന്നും, പത്ത് ദിവസം കൂടി സമയം വേണമെന്ന് മാനേജ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടു. തൊഴിലാളികളെ പട്ടിണിക്കിടരുതെന്നായിരുന്നു ഇതിനോടുള്ള കോടതിയുടെ പ്രതികരണം. ശമ്പളം നൽകാൻ നടപടി വേണം. വേതന വിതരണത്തിന് അധിക സമയം വേണമെന്ന കെഎസ്ആർടിസിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ശമ്പളം നൽകാൻ കൂടുതൽ സമയം നൽകണമെന്ന് സർക്കാരും ആവശ്യപ്പെട്ടു. പ്രവർത്തന മൂലധന സഹായം വേണമെന്ന കെഎസ്ആർടിസിയുടെ ആവശ്യത്തിന്മേൽ മറുപടി അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. സെപ്തംബർ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.

നേരെത്ത ഹർജി പരിഗണിച്ചപ്പോൾ കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാത്തതിൽ സിംഗിൾ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് കോടതി അനുവദിച്ച അധിക സമയം 22 ന് അവസാനിച്ചിരുന്നു. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്നായിരുന്നു കെഎസ്ആർടിസി കോടതിയെ അറിയിച്ചത്.

കെഎസ്ആർടിസി മാനേജ്മെന്റിനെ കയറൂരി വിടരുതെന്ന് സിഐടിയു; മാനേജ്മെന്റ് സർക്കാരിന് കളങ്കം

സർക്കാരിന് കളങ്കമായി കെഎസ്ആർടിസി ഭരണം മാറിയിരിക്കുകയാണെന്ന് സിഐടിയു. മാനേജ്മെന്റിനെ സർക്കാർ കയറൂരി വിടരുതെന്ന് സിഐടിയു വിഭാഗം ജനറൽ സെക്രട്ടറി എസ് .വിനോദ് ആവശ്യപ്പെട്ടു. മാനേജ്മെന്റ് തൊഴിലാളികളോട് യുദ്ധം ചെയ്യുകയാണ്. സ്ഥാപനത്തെ മുന്നോട്ടല്ല കൊണ്ടുപോകുന്നത്. ശമ്പളം വൈകുന്നതിനുള്ള കാരണം സർക്കാർ പരിശോധിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ സർക്കാർ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് സിഐടിയു സ്വാഗതം ചെയ്തു.

Follow Us:
Download App:
  • android
  • ios