Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി മാനേജ്മെന്റിനെ കയറൂരി വിടരുതെന്ന് സിഐടിയു; മാനേജ്മെന്റ് സർക്കാരിന് കളങ്കം

'മാനേജ്മെന്റ് തൊഴിലാളികളോട് യുദ്ധം ചെയ്യുകയാണ്. സ്ഥാപനത്തെ മുന്നോട്ടല്ല കൊണ്ടുപോകുന്നത്. ശമ്പളം വൈകുന്നതിനുള്ള കാരണം സർക്കാർ പരിശോധിക്കണം' 

KSRTC salary, CITU welcomes High court order, asks Government to control Management
Author
Thiruvananthapuram, First Published Aug 24, 2022, 3:57 PM IST

തിരുവനന്തപുരം: സർക്കാരിന് കളങ്കമായി കെഎസ്ആർടിസി ഭരണം മാറിയിരിക്കുകയാണെന്ന് സിഐടിയു. മാനേജ്മെന്റിനെ സർക്കാർ കയറൂരി വിടരുതെന്ന് സിഐടിയു വിഭാഗം ജനറൽ സെക്രട്ടറി എസ് .വിനോദ് ആവശ്യപ്പെട്ടു. മാനേജ്മെന്റ് തൊഴിലാളികളോട് യുദ്ധം ചെയ്യുകയാണ്. സ്ഥാപനത്തെ മുന്നോട്ടല്ല കൊണ്ടുപോകുന്നത്. ശമ്പളം വൈകുന്നതിനുള്ള കാരണം സർക്കാർ പരിശോധിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ സർക്കാർ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് സിഐടിയു സ്വാഗതം ചെയ്തു. 

'തൊഴിലാളികളെ പട്ടിണിക്കിടാൻ പറ്റില്ല', ശമ്പളം നൽകാൻ 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകാൻ സർക്കാരിനോട് കോടതി

ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹ‍ർജിയിലാണ്, ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ അടിയന്തരമായി നൽകാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്. സെപ്തംബർ ഒന്നിന് മുമ്പ് പണം നൽകാനാണ് നിർദേശം. സർക്കാർ സഹായം ഇല്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം വിതരണം ചെയ്യാൻ സാധ്യമല്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. കൂടുതൽ സമയം വേണമെന്നും സർക്കാരുമായുള്ള ചർച്ചകൾ നടക്കുകയാണെന്നും മാനേജ്മെന്റ് അറിയിച്ചു. ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ശമ്പളം നൽകാൻ മാനേജ്മെന്റിന് കൂടുതൽ സമയം നൽകണമെന്ന് സർക്കാരും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് തൊഴിലാളികളെ പട്ടിണിക്കിടാൻ ആകില്ലെന്ന് വ്യക്തമാക്കി കോടതി ഇടപെട്ടത്.  ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ കെഎസ്ആർടിസി ആവശ്യപ്പെട്ട തുക കൈമാറാനാണ് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്. 

നേരെത്ത ഹർജി പരിഗണിച്ചപ്പോൾ കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാത്തതിൽ സിംഗിൾ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് കോടതി അനുവദിച്ച അധിക സമയം 22 ന് അവസാനിച്ചിരുന്നു. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്നായിരുന്നു കെഎസ്ആർടിസി കോടതിയെ അറിയിച്ചത്.

Follow Us:
Download App:
  • android
  • ios