നഴ്സുമാരുടെ വേതനം പുനപരിശോധിക്കണം; 2018 ലെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
വേതന വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നേരത്തേ തന്നെ സമരത്തിലാണ്. പ്രതിദിന വേതനം 1500 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം വേതനം പുനപരിശോധിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് മുൻപ് 2018 ലാണ് വേതനം പരിഷ്കരിച്ചത്. എന്നാൽ ഇതിനകത്ത് ആയുർവേദമടക്കമുള്ള ചികിത്സാ ശാഖകളിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ചില്ലെന്ന് യുഎൻഎ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വേതനം പരിഷ്കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റും വാദിച്ചു. ഇതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വേതനം പുനപ്പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വേതന വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നേരത്തേ തന്നെ സമരത്തിലാണ്. പ്രതിദിന വേതനം 1500 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. പ്രതിദിന വേതനം 1500 രൂപയാക്കുകയെന്നതിന് പുറമെ, കോൺട്രാക്ട് നിയമനങ്ങൾ നിർത്തലാക്കുക, ഇടക്കാലാശ്വാസമായ 50 % ശമ്പള വർധനയെങ്കിലും ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷനുണ്ട്. വിഷയത്തിൽ കൊച്ചിയിൽ ലേബർ കമ്മീഷണർ നഴ്സുമാരുടെ സംഘടനാ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്നായിരുന്നു തൃശ്ശൂരിൽ സൂചനാ പണിമുടക്ക് നടത്തിയത്.
നൂറ് കണക്കിന് നഴ്സുമാർ നടത്തിയ നിരന്തര സമരത്തിനൊടുവിലായിരുന്നു സംസ്ഥാനത്ത് മിനിമം വേതനം നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. 2018 ലെ ഉത്തരവ് പ്രകാരം 50 കിടക്കകളുള്ള സ്വാകാര്യ ആശുപത്രിയിൽ 20,000 രൂപ മിനിമം ശമ്പളവും പരമാവധി 30,000 രൂപയുമായി നിശ്ചയിച്ചു. മറ്റ് ആശുപത്രികളെ വിവിധ തട്ടുകളാക്കി ശമ്പളം. എന്നാൽ സ്വകാര്യ ഹോമിയോ, ആയുർവേദ ആശുപത്രികൾ, എക്സറേ സെന്ററുകൾ അടക്കമുള്ളവയിലെ നഴ്സുമാരുടെ കാര്യം ഉത്തരവിലുണ്ടായില്ല. ഇത് ചോദ്യം ചെയ്താണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഹൈക്കോടതിയിലെത്തിയത്. എന്നാൽ തങ്ങളെ കേൾക്കാതെയാണ് സർക്കാർ മിനിമം വേതനം നിശ്ചയിച്ചതെന്ന് 30 ഓളം സ്വകാര്യ ആശുപത്രികളും കോടതിയെ അറിയിച്ചു.
ഈ ഹർജിയിലാണ് 2018ലെ സർക്കാർ ഉത്തരവ് റദ്ദാക്കി രണ്ട് ഭാഗത്തെയും കേട്ട ശേഷം 3 മാസത്തിനകം മിനിമം വേതനം സംബന്ധിച്ച പുതിയ ഉത്തരവിറക്കാൻ ജസ്റ്റിസ് അമിത് റാവൽ നിർദ്ദേശം നൽകിയത്. എന്നാൽ നിലവിൽ നൽകികൊണ്ടിരിക്കുന്ന ശമ്പളത്തിൽ കോടതി പരമാർശമില്ല. 400 ലേറെ സ്വകാര്യ ആശുപത്രികൾ നിലവിൽ മിനിമം വേതനം നടപ്പാക്കിയിട്ടുണ്ട്.