ഹൈക്കോടതി ജഡ്ജിയുടെ പേരിൽ കൈക്കൂലി; അഭിഭാഷകൻ സൈബി ജോസിനെതിരെ നാളെ കേസെടുത്തേക്കും, നിയമോപദേശം
സൈബി ജോസിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം പൊലീസ് മേധാവിക്ക് കൈമാറി.

കൊച്ചി: ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസിനെതിരെ നാളെ കേസ് രജിസ്റ്റർ ചെയ്തേക്കും. സൈബി ജോസിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം പൊലീസ് മേധാവിക്ക് കൈമാറി. സൈബിക്കെതിരെ കേസെടുക്കാൻ നിയമോപദേശം നൽകി എന്നാണ് സൂചന. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്കറ്റിന്റെയും അഭിപ്രായം തേടിയാണ് നിയമോപദേശം നൽകിയത്.
അതേസമയം, ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസിനെതിരെ ബാർ കൗൺസിൽ സ്വമേധയാ നടപടി തുടങ്ങിയിട്ടുണ്ട്. പരാതികളിൽ സൈബി ജോസിന്റെ വിശദീകരണം തേടി ബാർ കൗൺസിൽ നോട്ടീസയച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയനായ അഭിഭാഷകനെതിരെ നടപടിയാരംഭിച്ചത്. ഒരു കൂട്ടം അഭിഭാഷകരാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് സൈബി ജോസിനെതിരെ പരാതി നൽകിയത്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാർ കൗൺസിൽ കേൾക്കും.
Also Read: 10 പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി, നടപടി അഡ്വ. സൈബി ജോസ് ഹാജരായ രണ്ട് കേസുകളിൽ
അതിനിടെ, ജഡ്ജിയ്ക്ക് കൈക്കൂലി നൽകാൻ പണം വാങ്ങിയെന്ന പരാതിയിൽ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ഹാജരായ രണ്ട് കേസുകളിൽ പ്രതികൾക്ക് ജാമ്യം നൽകിയ ഉത്തരവ് ജസ്റ്റിസ് സിയാദ് റഹ്മാൻ തിരിച്ചു വിളിച്ചു. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്നു വിലയിരുത്തിയാണ് നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ലെന്ന് കോടതിയെ ധരിപ്പിച്ചാണ് കേസിൽ പ്രതികൾക്ക് അനുകൂലമായി ഉത്തരവ് സമ്പാദിച്ചത്. അനുകൂല വിധി വാങ്ങി നൽകാമെന്ന് ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാൻ അടക്കം 3 ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സൈബി ജോസിന് തിരിച്ചടിയായി ഹൈക്കോടതിയുടെ അസാധാരണ നടപടിയുണ്ടായത്.