ദില്ലി: കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ ക്വാറന്‍റീനിൽ. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നെത്തിയ ചീഫ് ജസ്റ്റിസിനോട് 14 ദിവസത്തെ നിരീക്ഷണത്തിൽ പോകാൻ ജില്ലാ ആരോഗ്യവിഭാഗം ആവശ്യപ്പെട്ടിരുന്നു. ലോക് ഡൗണിന് പിന്നാലെ ചെന്നൈയിലേക്ക് പോയ ചീഫ് ജസ്റ്റീസ് എസ് മണികുമാർ കഴി‍ഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ഇരു സംസ്ഥാനങ്ങളുടെയും പ്രത്യേക അനുമതിയോടെയായിരുന്നു മടങ്ങിവരവ്. വാളയാറിൽവെച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ചീഫ് ജസ്റ്റിസിനേയും ഒപ്പമുണ്ടായിരുന്ന ജീവനക്കാരെയും പരിശോധിച്ചു. അതിന് ശേഷമാണ് അതിർത്തി കടക്കാൻ അനുവദിച്ചത്.  

ഇന്നലെയാണ് എറണാകുളം ജില്ലാ ആരോഗ്യവിഭാഗം ചീഫ് ജസ്റ്റിസും  നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് അറിയിച്ചത്. ഇക്കാര്യം അദ്ദേഹത്തിന്‍റെ ഓഫീസിനെയും ധരിപ്പിച്ചു. എന്നാൽ ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ ജസ്റ്റിസ് എസ് മണികുമാർ 14 ദിവത്തെ സ്വയം  നിരീക്ഷണത്തിലാണെന്നാണ് ഹൈക്കോടതി വൃത്തങ്ങൾ നൽകുന്ന വിവരം. ചീഫ് ജസ്റ്റിസിനൊപ്പം വാഹനത്തിലുണ്ടായിരുന്ന പെഴ്സണൽ അസിസ്റ്റന്‍റ്, ഗൺമാൻ, ഡ്രൈവർ എന്നിവരോട്  നിരീക്ഷണത്തിൽ പോകാൻ  ജില്ലാ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഈയാഴ്ച തന്നെ ഹൈക്കോടതിയിലെ ഒരു മുതിർന്ന ജ‍‍ഡ്ജി വിരമിക്കുന്നുണ്ട്. ഈ വിരമിക്കൽ ചടങ്ങടക്കം ഓൺലൈനിലൂടെ ആക്കാനാണ് ആലോചന.