കൊച്ചി: കോടതി നിർദ്ദേശം പാലിക്കാത്തതിന് മുൻ വ്യവസായ സെക്രട്ടറിക്ക് മരം നടൽ ശിക്ഷ നൽകി ഹൈക്കോടതി. മുൻ വ്യവസായ സെക്രട്ടറി കെ ബിജു 100 വൃക്ഷത്തൈകൾ നടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അമിത് രാവലിന്‍റേതാണ് ഉത്തരവ്. തൈകൾ നടേണ്ട സ്ഥലങ്ങൾ വനംവകുപ്പ് നിർദ്ദേശിക്കണമെന്നാണ് കോടതി നിർദ്ദേശം. ചരിത്രത്തിലാദ്യമായാണ് കേരള ഹൈക്കോടതി ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്. 

2000 മുതൽ തുടരുന്ന ഒരു നികുതിയിളവ് കേസിലാണ് രസകരമായ ശിക്ഷാ നടപടി. കൊച്ചി ആസ്ഥാനമായ എസ്എസ് കെമിക്കൽസാണ് കേസിലെ വാദി. കാർബണേറ്റഡ് സിലിക്കേറ്റ് എന്ന രാസവസ്തു നിർമ്മിച്ച് വിൽകുന്ന എസ്എസ് കെമിക്കൽസിന്‍റെ സെയിൽസ് ടാക്സിൽ ഇളവ് നൽകുന്നതാണ് നീണ്ട നിയമ പ്രക്രിയയിലേക്ക് കടന്നത്. പല വട്ടം ഹൈക്കോടതിയിൽ നിന്ന് നികുതിയിളവിന്‍റെ കാര്യത്തിൽ അനുകൂല ഉത്തരവുണ്ടായിട്ടും ഇത് നടപ്പാക്കാൻ നികുതിയിളവ് അനുവദിക്കേണ്ട സംസ്ഥാന സമിതിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

ഇതിനെ തുടർന്നാണ് വിചിത്ര ശിക്ഷയിലേക്ക് കോടതി കടന്നത്. കുഷ്ഠരോഗികളെ പരിചരിക്കണമെന്നായിരുന്നു കോടതിയുടെ ആദ്യ നിർദ്ദേശം എന്നാൽ കേരളം കുഷ്ഠ രോഗമുക്തമാണെന്ന് അഭിഭാഷകൻ അറിയിച്ചതോടെ  ശിക്ഷ ചെടി നടലായി മാറ്റുകയായിരുന്നു. 

വീഡിയോ റിപ്പ‍ോർട്ട് കാണാം

"