എറണാകുളം: കോതമംഗലം പളളിക്കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും പളളി ഏറ്റെടുത്ത് കൈമാറാത്ത സർക്കാർ നിലപാട് ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വരുന്നത്. ഇരുസഭകളുമായും സമാധാന ചർച്ചകൾ തുടരുകയാണെന്നും മൂന്നുമാസത്തെ സാവകാശം വേണമെന്നും ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു. 

സി ആർ പി എഫിനെ ഉപയോഗിച്ച് പളളി ഏറ്റെടുത്ത് കൈമാറാൻ തയാറാണെന്ന് കേന്ദ്ര സ‍ർക്കാരും അറിയിച്ചിരുന്നു. ഇതിനിടെ പളളി എറ്റെടുക്കാനുളള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് യാക്കോബായ സഭാ വിശ്വാസികൾ സമ‍ർപ്പിച്ച ഹർജി ഡിവിഷൻ ബെഞ്ചും പരിഗണിക്കുന്നുണ്ട്. സുപ്രീംകോടതി ഉത്തരവിന്‍റെ പരിധിയിൽ കോതമംഗലം പളളി വരില്ലെന്നാണ് ഹ‍ർജിയിലെ വാദം.