കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കെ ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കൊച്ചി : കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കെ ബിജു ഐഎഎസിനെതിരെ കടുപ്പിച്ച് ഹൈക്കോടതി. ഇന്ന് ഹർജി പരിഗണിക്കവേ, മാപ്പപേക്ഷ നൽകിയാലും കോടതിയലക്ഷ്യ നടപടി തുടരുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി. 17 വർഷത്തിൽ കൂടുതൽ സർവീസുള്ള ഉദ്യോഗസ്ഥനാണ്

കോടതിക്കെതിരായ പരാമർശങ്ങളോടെ ഇത്തരത്തിൽ ഉത്തരവ് ഇറക്കിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗൗരവമുള്ള വിഷയമാണിത്. ജുഡീഷ്യൽ പരിശോധന ഇക്കാര്യത്തിൽ ആവശ്യമാണ്. മാപ്പപേക്ഷ നൽകിയാൽ കോടതി അലക്ഷ്യ നടപടി അവസാനിപ്പിക്കാൻ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു.

അഴിമതി കേസിലെ മുഖ്യ പ്രതിയായ ഐഎന്‍ടിയുസി നേതാവ് ആര്‍.ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ.രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കുന്നതില്‍ പുറത്തിറക്കിയ ഉത്തരവാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്.

പ്രോസിക്യൂഷന് അനുമതി നല്‍കിയ വിവാദ ഉത്തരവില്‍ കെ. ബിജു ഐഎഎസ് മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇത് കോടതി പരിഗണിച്ചില്ല. ഇതോടെ ചൊവ്വാഴ്ച പുതിയ മാപ്പപേക്ഷ നൽകി.

2006 മുതൽ 2015 വരെയുള്ള കാലയളവിൽ വിദേശത്തുനിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ അഴിമതി നടത്തുകയും കോർപ്പറേഷന് ഭീമമായ നഷ്ടം വരുത്തുകയും ചെയ്തുവെന്നുമാണ് സിബിഐ കേസ്. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരുൾപ്പെടെയുള്ളവരാണ് കേസിലെ പ്രധാന പ്രതികൾ. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകാൻ ഹൈക്കോടതി മുൻപ് ഉത്തരവിട്ടിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ അനുമതി നീട്ടിക്കൊണ്ടുപോയതിനെത്തുടർന്ന് കൊല്ലം സ്വദേശിയായ കടകംപള്ളി മനോജാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, സെക്രട്ടറി കെ. ബിജു എന്നിവർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകിയത്.

ഇതേ തുടർന്ന് ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് യുഡിഎഫ് സർക്കാർ കാലത്ത് ജൂലൈ 2 ന് കെ. ബിജു പ്രോസിക്യൂഷൻ അനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാൽ ആ ഉത്തരവിൽ, കോടതി വിചാരണക്കോടതിയുടെ പങ്ക് ഏറ്റെടുത്ത് തെളിവുകൾ വിലയിരുത്തിയെന്നും സർക്കാരിന് അനുമതി നൽകുകയല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്നുമുള്ള തരത്തിൽ കോടതിയെ പഴിചാരുന്ന പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇതാണ് കോടതിയലക്ഷ്യത്തിന് വഴിവെച്ചത്.