ഇംഗ്ലണ്ടിൽ മരിച്ച ഇന്ത്യൻ വംശജന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രതിസന്ധി. ഇന്ത്യൻ പാസ്പോർട്ടോ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡോ (ഒസിഐ) ഇല്ലാത്തപക്ഷം മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി നല്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഇംഗ്ലണ്ടിൽ മരിച്ച ഇന്ത്യൻ വംശജന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രതിസന്ധി. ഇന്ത്യൻ പാസ്പോർട്ടോ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡോ (ഒസിഐ) ഇല്ലാത്തപക്ഷം മൃതദേഹം നാട്ടിലെത്തിക്കാൻ അനുമതി നല്കാൻ കഴിയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 10 വർഷം മുൻപ് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബി തോമസിന്റെ മൃതദേഹം ഇംഗണ്ടിൽ നിന്നും നാട്ടിലെത്തിക്കാൻ അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി ഹാൻസ് ജോസഫ് ഫയൽ ചെയ്ത ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തളളിയത്. ബ്രിട്ടീഷ് പൗരത്വത്തിനായി ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ച ജോബി ഒസിഐ കാർഡിന് അപേക്ഷിച്ചിരുന്നില്ല. ഇതിനാലാണ് എതിർപ്പില്ലാ രേഖ (എൻഒസി) കോടതി നിഷേധിച്ചത്. ബന്ധുമിത്രാതികൾക്ക് അത്തരമൊരു ആഗ്രഹമുണ്ടെന്നതിന്‍റെ പേരിൽ അനുമതി നല്കാനാവില്ലെന്നും പൗരത്വവും അനുബന്ധ ചട്ടങ്ങളുമാണ് ഇതിൽ പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ഹർജിക്കാരന്‍റെ സഹോദരിയുടെ മകനാണ് മരണപ്പെട്ട ജോബി തോമസ്. 2016-ലാണ് ജോബി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചത്. പിന്നീട് വിദേശ പൗരയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരി ആറാം തിയ്യതിയാണ് ജോബി ഇംഗ്ലണ്ടിൽ വെച്ച് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി എൻഒസി ലഭിക്കുന്നതിനായി ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചുവെങ്കിലും അനുമതി നൽകാനാകില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

YouTube video player