കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം ബോർ‍ഡ് നൽകിയ അഞ്ച് കോടി രൂപയുടെ  വിനിയോഗം കോടതിയുടെ അന്തിമ തീ‍ർപ്പിന് വിധേയമായിരിക്കണമെന്ന് ഹൈക്കോടതി. ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകിയത് ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹ‍ർജികളിലാണ് ഹൈക്കോടതി നിർദ്ദേശം.

ദേവസ്വം ബോർഡ് ഫണ്ട് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വ്യത്യസ്തമായ  വിധികളുണ്ട്.  ഈ സാഹചര്യത്തിൽ ഫണ്ട് വിനിയോഗം ചോദ്യം ചെയ്യുന്ന ഹർജികൾ ഫുൾ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിടുകയാണെന്ന് ഡിവിഷൻ ബ‌ഞ്ച് വ്യക്തമാക്കി. പണം കൈമാറിയത് നിയമവിധേയമല്ലെന്ന് കണ്ടെത്തിയാൽ പലിശ സഹിതം തിരിച്ചടക്കാൻ സർക്കാറിന് നിർദ്ദേശം നൽകാൻ  കഴിയുമെന്നും  ഹൈക്കോടതി വ്യക്തമാക്കി.

ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ പണം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ഹിന്ദു ഐക്യവേദി ഭാരവാഹി ആർ വി ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് അടക്കമുള്ളവരാണ് ദേവസ്വം ബോർഡ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.