കൊച്ചി: പൗരത്വനിയമഭേദഗതിക്കെതിരായ ഹർജി പരിഗണിക്കുന്നത് കേരളഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. സമാന സ്വഭാവമുള്ള ഹർജികൾ സുപ്രീം കോടതിയിൽ നിലവിലുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തുടര്‍ന്ന് ഹർജി സുപ്രീംകോടതി പരിഗണിക്കുന്നതല്ലേ നല്ലതെന്ന് ഹൈക്കോടതി ചോദിച്ചു. 

അതിനിടെ പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സുപ്രീംകോടതിയിൽ പുതിയ അപേക്ഷ നൽകി. മുസ്‍ലിംങ്ങള്‍ അല്ലാത്ത കുടിയേറ്റക്കാരുടെ കണക്കെടുപ്പ് യുപി സര്‍ക്കാര്‍ ആരംഭിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ലീഗിന്‍റെ അപേക്ഷേ. 

പൗരത്വ നിയമഭേദഗതി ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പതിലധികം ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. 131 –ാം അനുഛേദപ്രകാരം കേരള സര്‍ക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമത്തിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരത്തിലധികം കത്തുകളാണ് ഇതിനകം ചീഫ് ജസ്റ്റിസിന് ലഭിച്ചിട്ടുള്ളത്. ജനസംഖ്യ കണക്കെടുപ്പിൽ ആധാര്‍, പാസ്പോര്‍ട്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടര്‍ ഐ.ഡി എന്നിവ നിര്‍ബന്ധമല്ലെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ രേഖകൾ ഉള്ളവര്‍ അത് നൽകണം എന്നാണ് ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിശദീകരണം.