തിരുവനന്തപുരം: പൊലീസിന്‍റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് സിബിഐ അന്വേഷണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. വെടിയുണ്ട കാണാതായതുമായി ബന്ധപ്പെട്ട ഫയലുകള്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പൊലീസിന്‍റെ പക്കലുണ്ടായിരുന്ന 12,061 വെടിയുണ്ടകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജോര്‍ജ് വട്ടുകുളം ഹൈക്കോടതിയെ സമീപിച്ചത്. 

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തു. രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.