വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തര സൂചികകളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന്റെയും പേരിൽ അദ്ധ്യാപക സംഘടനകളെ കൂച്ചുവിലങ്ങിടാൻ വിദ്യാഭ്യസ മന്ത്രി ശ്രമിക്കുകയാണെന്നും ഇത് ദൗർഭാഗ്യകരമാണെന്നും കെ എച്ച് എസ് ടി യു
തിരുവനന്തപുരം: മൂല്യനിർണ്ണയത്തിനുള്ള ഉത്തരക്കടലാസുകളുടെ എണ്ണം അശാസ്ത്രീയമായി വർദ്ധിപ്പിച്ച നടപടിക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തര സൂചികകളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന്റെയും പേരിൽ അദ്ധ്യാപക സംഘടനകളെ കൂച്ചുവിലങ്ങിടാൻ വിദ്യാഭ്യസ മന്ത്രി ശ്രമിക്കുകയാണെന്നും ഇത് ദൗർഭാഗ്യകരമാണെന്നും കെ എച്ച് എസ് ടി യു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ജനാധിപത്യ ഭരണകൂടത്തിലെ വിദ്യാഭ്യാസ മന്ത്രി ഏകാധിപത്യത്തിന്റെ സ്വരമുയർത്തി, അദ്ധ്യാപക സംഘടനകളുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കരുത്. അക്കാദമിക വിഷയങ്ങളിൽ അദ്ധ്യാപകർ നിർഭയമായി അഭിപ്രായങ്ങൾ പറയുക തന്നെ ചെയ്യും. പൊതു പരീക്ഷകൾ സുതാര്യമായും വിശ്വാസ്യതയോടും നടത്തുവാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് സംഭവിച്ച വീഴ്ചകൾ തിരുത്തേണ്ടതിനു പകരം ജനാധിപത്യ വിരുദ്ധമായി അച്ചടക്കത്തിന്റെ വാളുയർത്താൻ വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത് പരിഹാസ്യമാണെന്നും കെ എച്ച് എസ് ടി യു (കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ) വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.
ദേശീയ എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ മൂല്യനിർണ്ണയം നടത്തണം എന്ന ആരുടെയോ പിടിവാശിയാണ് കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നത്. അപാകത നിറഞ്ഞ ചോദ്യ പേപ്പറിന്റെ ഉത്തര സൂചിക പരീക്ഷ ബോർഡിന്റെ മേൽനോട്ടത്തിൽ 12 അധ്യാപകർ ചേർന്ന് തയ്യാറാക്കിയത് ഏകപക്ഷീയമായി പിൻവലിച്ചതാണ് മൂല്യനിർണ്ണയം ദുഷ്കരമാക്കി മാറ്റിയത്. മൂല്യനിർണ്ണയം നടത്തുന്നതിന് 2 ദിവസം മുൻപ് അന്തിമ ഉത്തര സൂചികയ്ക്ക് പകരം മറ്റൊരു സൂചിക പോർട്ടലിൽ പ്രസിദ്ധീകരിച്ചതിന്റെ വിശദാംശങ്ങൾ അറിയാൻ പരീക്ഷാ വിഭാഗത്തിൽ നിരവധി തവണ ബന്ധപ്പെട്ടിരുന്നുവെങ്കിലും അവഗണിക്കുകയാണ് ചെയ്തത്. വിദ്യാർത്ഥികളോട് നീതി പുലർത്തുവാൻ വേണ്ടിയാണ് അദ്ധ്യാപകർക്ക് മൂല്യനിർണ്ണയം ബഹിഷ്കരിക്കേണ്ടി വന്നതെന്നും കെ എച്ച് എസ് ടി യു അഭിപ്രായപ്പെട്ടു.
സ്വന്തം വകുപ്പിലെ വീഴ്ചകൾ മറയ്ക്കുവാൻ അദ്ധ്യാപകരെ കുറ്റപ്പെടുത്തുന്നതിനു പകരം സുതാര്യമായി ഉത്തര സൂചിക പുതുക്കി മൂല്യനിർണ്ണയം നടത്താൻ സൗകര്യമൊരുക്കണം. ഹയർ സെക്കൻഡറി മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക സംഘടനകളുടെ അഭിപ്രായം മാനിക്കാതെ QIP സംഘടനകളുടെ അഭിപ്രായങ്ങൾ മാത്രം പരിഗണിക്കുന്നതിലൂടെ ഉണ്ടാവുന്ന വീഴ്ചകൾക്ക് ഹയർ സെക്കണ്ടറി അധ്യാപകരെ പ്രതി സ്ഥാനത്ത് നിർത്തുന്നത് ദുഷ്ടലാക്കോടെയാണന്നും യോഗം അഭിപ്രായപ്പെട്ടു. ഖാദർ കമ്മറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പുറത്തുവിടാൻ തയാറാവത്തവർ പാതി വെന്ത റിപ്പോർട്ടിനെ കുറിച്ച് വീരസ്യം പറയുന്നത് ജാള്യം മറയ്ക്കുവാനാണെന്ന് കെ എച്ച് എസ് ടി യു സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
പുതിയ ഉത്തരസൂചിക: സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് അധ്യാപകസംഘടനകൾ
അതേസമയം പ്ലസ്ടു കെമിസ്ട്രി പരീക്ഷ മൂല്യനിർണയത്തിന് പുതിയ ഉത്തരസൂചിക ഉപയോഗിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് വിവിധ അധ്യാപകസംഘടനകൾ രംഗത്തെത്തിയിരുന്നു. മൂല്യനിർണ്ണയ ഉത്തര സൂചികയിലെ അപാകത പരിഹരിക്കുമെന്ന മന്ത്രിയുടെ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ അച്ചടക്ക നടപടികൾ പിൻവലിക്കാനും സർക്കാർ തയ്യാറാവണം. പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മാർക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കി വിദ്യാർഥികൾക്ക് അർഹമായ മാർക്ക് ലഭിക്കുന്നതിനാവശ്യമായ രീതിയിൽ പുതിയ ഉത്തരസൂചിക പുറത്തിറക്കണം. എന്നാൽ സർക്കാരിന്‍റെ പിടിവാശികൾ മുഴുവൻ പരാജയപ്പെട്ടത്തിന്‍റെ ജാള്യത മറയ്ക്കാൻ ഹയർ സെക്കണ്ടറി അധ്യാപക സംഘടനകളെ ലക്ഷ്യംവയ്ക്കുന്ന നടപടി പരിഹാസ്യമാണെന്ന് അധ്യാപക സംഘടനകൾ അഭിപ്രായപ്പെട്ടു.
പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുതുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. പുനപരിശോധിക്കാൻ 15 അംഗ സമിതിയെ നിയമിച്ചു. സമിതി നിർദേശിക്കുന്ന ഉത്തര സൂചികയനുസരിച്ച് മറ്റന്നാൾ മുതൽ മൂല്യനിർണയം നടക്കും. ഇതുവരെ നോക്കിയ പേപ്പറുകൾ വീണ്ടും മൂല്യനിർണയം നടത്തും. ബഹിഷ്കരിച്ച അധ്യാപകർക്കെതിരെ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക ബഹിഷ്കരണത്തെ കുറിച്ച് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും. റിപ്പോർട്ടിൽ എന്തു നടപടിയെന്ന് ഇപ്പോൾ പറയാനാകില്ല. അധ്യാപകരുടെ ബഹിഷ്കരണം പരീക്ഷ അട്ടിമറിക്കാനുള്ള നീക്കമാണ്. പരീക്ഷ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ അധ്യാപകര്‍ പുറത്തുവിടുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉത്തരസൂചികയിൽ പോരായ്മ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരസൂചിക പുതുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
