ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. നിരവധി വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിച്ചും, മുഖ്യമന്ത്രിയുമായി ആലോചിച്ചുമാണ് തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ വ്യക്തമാക്കി

പാലക്കാട്: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ. ഫൈനൽ മത്സരം പ്രമാണിച്ച് നിരവധി വിദ്യാർത്ഥികൾ അവധി വേണമെന്ന് ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നതായും ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രിയോടും വിഷയം ഗൗരവമായി ആലോചിച്ച ശേഷമാണ് ഈ പൊതുഅവധി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ മുഖ്യമന്ത്രി വി ഡി സതീശനാണ് നാളെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി നിർദ്ദേശിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ) അവധി ആയിരിക്കുമെന്നാണ് ഉത്തരവ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഫൈനൽ നമുക്ക് അടിച്ചുപൊളിക്കാമെന്ന് മന്ത്രി റോജി എം ജോൺ

തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതോടെ ഫൈനൽ നമുക്ക് അടിച്ചുപൊളിക്കാം എന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രതികരിച്ചത്. ഇന്ത്യൻ സമയം രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനൽ മത്സരം പൂർണ്ണ ആവേശത്തോടെ ആസ്വദിക്കാനും, തുടർന്നുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും നമ്മുടെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അവധി പ്രഖ്യാപിച്ചതെന്നും റോജി എം ജോൺ വിവരിച്ചു. നിലവിലെ ലോക ജേതാക്കളായ അർജന്‍റീനയും സ്പെയിനും തമ്മിലാണ് കലാശപ്പോരാട്ടം. ലിയോണൽ മെസിയും ലാമിൻ യമാലും നേർക്കുനേർ പോരടാനിറങ്ങുമ്പോൾ കേരളം ഒന്നാകെ വിശ്വപോരാട്ടത്തിനായി കാത്തിരിക്കുകയാണ്.