Asianet News MalayalamAsianet News Malayalam

ഒരു മാസത്തെ അവധി നാലുദിവസത്തിന് ശേഷം റദ്ദാക്കി; ബിശ്വനാഥ് സിൻഹ ജോലിയിൽ പ്രവേശിച്ചു

നേരത്തെ സിൻഹയെ പൊതുഭരണ വകുപ്പിൽ നിന്ന് മാറ്റിയത് വിവാദമായിരുന്നു. ജൂനിയർ വനിത ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതിയിലായിരുന്നു മാറ്റമെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. യുവ ഐ എഎസ് ഉദ്യോഗസ്ഥരോട് ബിശ്വനാഥ് മോശമായി പെരുമാറിയെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. 

Kerala IAS officer Biswanath Sinha cancels leave and returns to duty
Author
Thiruvananthapuram, First Published Dec 21, 2019, 10:26 AM IST

തിരുവനന്തപുരം: അവധി റദ്ദാക്കി പ്രിൻറിംഗ് ആൻഡ് സ്റ്റേഷനറി പ്രിൻസിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിൻഹ  ജോലിയിൽ പ്രവേശിച്ചു. ഒരു മാസത്തെ അവധിയാണ് അപേക്ഷിച്ചിരുന്നത്. നാല് ദിവസത്തെ അവധിക്ക് ശേഷം ജോലിയിൽ പ്രവേശിക്കുകയായിരുന്നു. നേരത്തെ സിൻഹയെ പൊതുഭരണ വകുപ്പിൽ നിന്ന് മാറ്റിയത് വിവാദമായിരുന്നു. ജൂനിയർ വനിത ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതിയിലായിരുന്നു മാറ്റമെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. യുവ ഐ എഎസ് ഉദ്യോഗസ്ഥരോട് ബിശ്വനാഥ് മോശമായി പെരുമാറിയെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. 

ബിശ്വനാഥ് സിന്‍ഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവവനിത ഐഎഎസ് ഓഫീസര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് പരസ്യമായി ആരോപിച്ചത് ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും അദ്ദേഹം പങ്കുവച്ചിരുന്നു. വനിതകളായ ജൂനിയര്‍ ഐഎഎസ് ഓഫീസര്‍മാരോട് മോശമായി പെരുമാറിയതിനാണ് ബിശ്വനാഥ് സിന്‍ഹയെ ആ സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് ജ്യോതികുമാര്‍ ചാമക്കാല പറയുന്നു. ഒരു ജൂനിയര്‍ ഐഎഎസ് ഓഫീസറോട് സിന്‍ഹ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അവരുടെ രക്ഷിതാക്കള്‍ നേരത്തെ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിരുന്നു. 

പിന്നീട് ട്രെയിനിംഗിലുള്ള രണ്ട് യുവ വനിത ഐഎഎസുകാരോടും ബിശ്വനാഥ് സിന്‍ഹ സമാനമായ രീതിയില്‍ പെരുമാറി. ഇവര്‍ മുസൂറിയിലെ ഐഎഎസ് അക്കാദമിയില്‍ ഇതേക്കുറിച്ച് പരാതി നല്‍കി. ഈ പരാതി മസൂറിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ബിശ്വനാഥ് സിന്‍ഹ നേരിട്ട് ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഇതോടെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയത് എന്നുമായിരുന്നു ആരോപണം. 

ബിശ്വനാഥ് സിന്‍ഹയെ മാറ്റിയതെന്ന കാര്യം ഇനിയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും സിന്‍ഹക്കെതിരായ പരാതി സര്‍ക്കാര്‍ മുക്കിയിരിക്കുകയാണെന്നും ജ്യോതികുമാര്‍ ചാമക്കാല ആരോപിച്ചിരുന്നു. ഏറെനാളായി ബിശ്വനാഥ് സിന്‍ഹക്കെതിരെ ഇങ്ങനയൊരു പരാതി യുവഐഎഎസ് ഓഫീസര്‍മാര്‍ കൊടുത്തതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും നിഷേധിച്ചു. മന്ത്രിസഭായോഗം പൊതുഭരണസെക്രട്ടറിയെ അപ്രധാന തസ്തികയിലേക്ക് മാറ്റിയതോടെയാണ് ഇതുസംബന്ധിച്ച സംശയം ശക്തമായത്. ഐഎഎസുകാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥ നേരത്തെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നായി സൂചനയുണ്ടായിരുന്നു. 

Follow Us:
Download App:
  • android
  • ios