കേരളത്തിലും അസമിലും വോട്ടെടുപ്പ് പൂർത്തിയായെങ്കിലും, മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാകാത്തതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ എക്സിറ്റ് പോൾ ഫലങ്ങൾക്ക് വിലക്കേർപ്പെടുത്തി. വോട്ടർമാരെ സ്വാധീനിക്കാതിരിക്കാനുള്ള ഈ മുൻകരുതൽ പ്രകാരം, പശ്ചിമ ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് കഴിയുന്ന ഏപ്രിൽ 29-ന് വൈകുന്നേരം മാത്രമേ ഫലങ്ങൾ പുറത്തുവിടൂ.

തിരുവനന്തപുരം: കേരളവും അസമമും വിധിയെഴുതി കഴിഞ്ഞെങ്കിലും ജനവിധി പ്രവചിക്കുന്ന എക്സിറ്റ് പോളുകൾക്കായി ഇനിയും കാത്തിരിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നിലനിൽക്കുന്നതിനാൽ വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് മുൻപ് ഇത്തരം സർവ്വേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെടുപ്പ് പുർത്തിയായെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ഉള്ളതിനാല്‍ വോട്ടർമാരെ സ്വാധീനിക്കാതിരിക്കാനാണ് ഈ മുൻകരുതൽ നടപടി.

Add Asianetnews as a Preferred SourcegooglePreferred

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് പ്രകാരം ഏപ്രിൽ 9 രാവിലെ 7 മണി മുതൽ ഏപ്രിൽ 29 വൈകുന്നേരം 6:30 വരെയാണ് എക്സിറ്റ് പോളുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്ന ഏപ്രിൽ 29ന് വൈകുന്നേരം മാത്രമേ ഔദ്യോഗികമായ പ്രവചനങ്ങൾ പുറത്തുവരൂ. തമിഴ്നാട്ടിലും ബംഗാളിലും വരും ദിവസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126A പ്രകാരം, നിരോധിത കാലയളവിൽ എക്സിറ്റ് പോൾ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത് രണ്ട് വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന ശിക്ഷാർഹമായ കുറ്റമാണ്.

കേരളത്തിലെ 140 മണ്ഡലങ്ങളിലും അസമിലെ 126 സീറ്റുകളിലും പുതുച്ചേരിയിലും വോട്ടെടുപ്പ് പുർത്തിയായിട്ടുണ്ട്. കോടിക്കണക്കിന് വോട്ടർമാരും നിരവധി കന്നി വോട്ടർമാരും പങ്കുചേരുന്ന ഈ ജനാധിപത്യ പ്രക്രിയയിൽ നിഷ്പക്ഷത ഉറപ്പാക്കുകയാണ് കമ്മീഷന്‍റെ ലക്ഷ്യം. പ്രമുഖ സർവ്വേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നിയമം അനുസരിച്ച് ഏപ്രിൽ 29-ന് ശേഷം മാത്രമേ ഫലങ്ങൾ പുറത്തുവിടുകയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ രാഷ്ട്രീയ കേന്ദ്രങ്ങളും വോട്ടർമാരും ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ്.