എറണാകുളം: ആഗോള സുറിയാനി സഭയുടെ തലവാനായി തന്നെ അംഗീകരിക്കുന്നുണ്ടോയെന്ന് ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പാത്രിയർക്കീസ് ബാവ കത്തയച്ചതിന് പിന്നാലെ യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം രൂക്ഷമായി. സഭാ ഭരണ ഘടനയിൽ പറയുന്നതിൽ കൂടുതൽ അധികാരം വേണമെന്ന് ആവശ്യപ്പെടുന്നവർ പുതിയ പള്ളികൾ ഇതിനായി സ്ഥാപിക്കേണ്ടി വരുമെന്ന് ഓർത്തഡോക്സ് വിഭാഗം മുന്നറിയിപ്പ് നൽകി. പാത്രിയർക്കീസ് ബാവയെ ആത്മീയ തലവൻ സ്‌ഥാനത്തു നിന്നും മാറ്റി നിർത്തിയുള്ള ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം.

ആഗോള സുറിയാനി സഭയുടെ അത്മീയ തലവൻ താനാണ്. ഇക്കാര്യം അംഗീകരിക്കാൻ ഓർത്തഡോക്സ് വിഭാഗം തയ്യാറാണോയെന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ടാണ് ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ഓർത്തഡോക്സ് സഭ തലവന് കത്തയച്ചത്. ഇരു വിഭാഗവും തമ്മിൽ സമാധാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കത്തെഴുതിയതെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. 

1934 ലെ ഭരണ ഘടന അനുസരിച്ച് കോടതിയിൽ പാത്രിയർക്കീസ് ബാവയെ അംഗീകരിക്കുന്നെന്ന് പറയുകയും പുറത്തിറങ്ങുമ്പോൾ മറിച്ചു പറയുകയും ചെയ്യുകയാണ് ഓർത്തഡോക്സ് വിഭാഗം ചെയ്യുന്നതെന്നാണ് യാക്കോബായ വിഭാഗം കുറ്റപ്പെടുത്തുന്നത്. സമാധാനം ഉണ്ടാകണം എന്ന് ഇരു സഭകളും ആഗ്രഹിക്കുന്നുണ്ട്. അതിനായി വിട്ടു വീഴ്ചക്ക് തയ്യാറാണെന്നും യാക്കോബായ വിഭാഗം പറയുന്നു.

എന്നാൽ മലങ്കര സഭയുടെ മേൽ അന്ത്യോക്യാ പാത്രിയർക്കീസിന്‍റെ ആത്മീയ അധികാരങ്ങൾ അസ്തമിച്ചെന്ന കോടതിയുടെ കണ്ടെത്തലിനെ അംഗീകരിക്കുകയാണ് തങ്ങൾ ചെയ്തിരിക്കുന്നതെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിൻറെ നിലപാട്. ജനക്കൂട്ടത്തെ കാണിച്ച് സുപ്രീം കോടതി വിധി മറികടക്കാൻ ശ്രമിക്കുന്നത് മൗഢ്യമാണെന്നും ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി സെക്രട്ടറി യൂഹാനോൻ മാർ ദിയസ്ക്കോറൊസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി. 

പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാത്തതിന് എതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി അടുത്ത ദിവസം പരിഗണനക്ക് വരുന്നുണ്ട്. ഈ സാഹചര്യത്തിൽ പാത്രിയർക്കീസ് ബാവയെ അംഗീകരിച്ചില്ലെങ്കിൽ ഭരണഘടനയ്ക്കു തന്നെ നിലനിൽപ്പില്ലെന്ന് കോടതിയിൽ വാദിക്കാനാണ് യാക്കോബായ വിഭാഗത്തിന്‍റെ ശ്രമം.