Asianet News MalayalamAsianet News Malayalam

കൊല്ലം മെഡിക്കല്‍ കോളേജിന് കൂടുതൽ സ്ഥലം ഏറ്റെടുക്കും; സൂപ്പര്‍ സ്‌പെഷ്യാലിറ്റി അടക്കം മികച്ച സൗകര്യങ്ങളും

മികച്ച കോവിഡ്-19 ചികിത്സ നല്‍കിയ മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിന്ദിച്ചു. 100 വയസിന് മുകളില്‍ പ്രായമുള്ള ആളുകളെ പോലും രക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജിന് കഴിഞ്ഞു.

Kerala Kollam medical college to get super specialty facilities more land says health minister KK Shailaja teacher
Author
Government Medical College, First Published Jan 13, 2021, 2:39 PM IST

തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താനും ഒപ്പം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനാവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും എട്ട് കോടി രൂപ ചെലവഴിച്ചുള്ള കാത്ത് ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രി ശൈലജ ടീച്ചറുടെ നേതൃത്തില്‍ നടന്ന ഉന്നതതല അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് മന്ത്രി നിര്‍ദേശം നല്‍കിയത്.

കൊല്ലം മെഡിക്കല്‍ കോളേജില്‍ മികച്ച ട്രോമകെയര്‍ സംവിധാനമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദേശീയ പാതയോട് ചേര്‍ന്നുള്ള മെഡിക്കല്‍ കോളേജായതിനാല്‍ ധാരാളം അപകടങ്ങള്‍ക്ക് ചികിത്സ തേടിയെത്താറുണ്ട്. ഇവര്‍ക്കും തദ്ദേശവാസികള്‍ക്കും അടിയന്തര വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനാണ് ട്രോമകെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ലെവല്‍ ടു നിലവാരത്തിലുള്ള ട്രോമകെയറില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും മികച്ച ട്രയേജ് സംവിധാനവുമുണ്ടാകും. പേ വാര്‍ഡ്, എം.ആര്‍.ഐ. സ്‌കാനിംഗ് സംവിധാനം എന്നിവയും സജ്ജമാക്കുന്നതാണ്.

മികച്ച കോവിഡ്-19 ചികിത്സ നല്‍കിയ മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ മന്ത്രി പ്രത്യേകം അഭിന്ദിച്ചു. അഭിമാനകരമായ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജ് നടത്തിയത്. 100 വയസിന് മുകളില്‍ പ്രായമുള്ള ആളുകളെ പോലും രക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജിന് കഴിഞ്ഞു.

കൊല്ലം മെഡിക്കല്‍ കോളേജിനെ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഒരു മെഡിക്കല്‍ കോളേജായി മാറാനുള്ള സൗകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു ഇ.എസ്.ഐ ഡിസ്‌പെന്‍സറി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. 100 എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കി. 300 കിടക്കകളുള്ള ആശുപത്രി ആരംഭിക്കുകയും 600 ലേറെ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് മെഡിക്കല്‍ കോളേജിന്റെ മുന്നേറ്റത്തിന് ഈ സര്‍ക്കാര്‍ വഴിയൊരുക്കിയത്. അത്യാധുനിക സൗകര്യങ്ങളുള്ള അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തീയറ്ററുകള്‍, ലേബര്‍ റൂം, കാരുണ്യ ഫാര്‍മസി, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്ക് എന്നിവയെല്ലാം ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ഒരുക്കിയത്. 10 കിടക്കകളുള്ള ഡയാലിസ് യൂണിറ്റ് പ്രവര്‍ത്തനസജ്ജമായി. മെഡിക്കല്‍ കോളേജിനെ കോവിഡ് ആശുപത്രിയാക്കി പൂര്‍ണ സജ്ജമാക്കാന്‍ 300ല്‍ നിന്ന് 500 ലേക്ക് കിടക്കകള്‍ ഉയര്‍ത്തി.

കൊല്ലം ജില്ലാ കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയ്, ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബ് നസീം, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഹരികുമാര്‍, എന്‍.എച്ച്.എം. ചീഫ് എഞ്ചിനീയര്‍ അനില, പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios