വിജിലൻസിനെയും പൊലീസിനെയും ജൂഡീഷ്യൽ കമ്മീഷനെയും ഉപയോഗിച്ചാണ് വിവാദങ്ങളെ സർക്കാർ നേരിടുന്നത്. ഇന്ന് രാവിലെ നാടകീയമായി സരിത്തിനെ വിജിലൻസ് കൊണ്ടുപോയതാണ് ആദ്യ നീക്കം
തിരുവനന്തപുരം: സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലിൽ പ്രതിരോധത്തിലായ സംസ്ഥാന സർക്കാർ, കൂടുതൽ വേഗത്തിൽ തിരിച്ചടിക്കുന്നു. സംസ്ഥാനത്തെ സർക്കാർ ഏജൻസികളുടെ അന്വേഷണം വഴി അതിവേഗം തിരിച്ചടിക്കാനാണ് നീക്കം. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് പൊലീസ് അന്വേഷിക്കും. അന്വേഷണത്തിന് മുന്നോടിയായി മുൻ മന്ത്രി കെടി ജലീൽ പൊലീസിന് പരാതി നൽകി. ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ ജൂഡീഷ്യൽ അന്വേഷണ കമ്മീഷൻറെ കാലാവധി സർക്കാർ നീട്ടിയതും ആരോപണങ്ങളെ ഉറച്ച നിലപാടോടെ തിരിച്ചടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
വിജിലൻസിനെയും പൊലീസിനെയും ജൂഡീഷ്യൽ കമ്മീഷനെയും ഉപയോഗിച്ചാണ് വിവാദങ്ങളെ സർക്കാർ നേരിടുന്നത്. ഇന്ന് രാവിലെ നാടകീയമായി സരിത്തിനെ വിജിലൻസ് കൊണ്ടുപോയതാണ് ആദ്യ നീക്കം. ഏറെ നാളായി ഇഴഞ്ഞു നീങ്ങിയ ലൈഫ് മിഷൻ കേസിലെ തിരക്കിട്ടുള്ള നടപടി സ്വപ്നയുടെ വെളിപ്പെടുത്തലിൻറെ തുടർച്ച തന്നെ. ലൈഫിൽ സിബിഐ അന്വേഷണത്തിന് തടയിടാനും ആദ്യം സർക്കാർ ഇറക്കിയത് വിജിലൻസിനെയായിരുന്നു. സിബിഐ വരുന്നതിന് മുമ്പ് ലൈഫ് മിഷനിലെ ഫയലുകൾ വിജിലൻസ് കൊണ്ടുപോയതും വിവാദമായിരുന്നു.
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ വന്നത് മുതൽ ഗൂഢാലോചന വാദം ഉന്നയിച്ചായിരുന്നു സിപിഎം പ്രതിരോധം. പിസി ജോർജ്ജും ബിജെപിയും ചേർന്നുള്ള ഗൂഢാലോചനയെന്നാണ് ആരോപണം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ആരോപണം നേരിട്ട മുൻമന്ത്രി കെടി ജലീൽ കൻറോൺമെൻറ് പൊലീസിൽ പരാതി നൽകി.
ഇതിനിടെയാണ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ അന്വേഷണം നടത്തുന്ന ജസ്റ്റിസ് വികെ മോഹൻ കമ്മീഷൻറെ കാലാവധി മന്ത്രിസഭാ നീട്ടിയത്. ആറുമാസത്തേക്കാണ് കാലാവധി നീട്ടിയത്. സ്വർണ്ണക്കടത്ത് വിവാദം മുറുകുന്നതിനിടെ ജുഡൂഷ്യൽ കമ്മീഷനെ വെച്ചത് തന്നെ അസാധാരണ നടപടിയായിരുന്നു. അതേ സമയം രാഷ്ട്രീയമായ നീക്കങ്ങൾക്കൊപ്പം സംസ്ഥാന ഏജൻസികളെ ഇറക്കിയുള്ള തിരിച്ചടി സർക്കാറിനെ കൂടുതൽ സംശയത്തിൻറെ നിഴലിൽ നിർത്തുന്നെന്ന് ഒരു വശത്ത് വാദം ഉയരുന്നുണ്ട്. വെളിപ്പെടുത്തലിൽ കാര്യമില്ലെങ്കിൽ, സംസ്ഥാന സർക്കാറിന് ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിനാണ് വിജിലൻസിനെ പഴയ കേസിൽ ഇറക്കുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. അതേസമയം സരിത്തിന്റെ ചോദ്യം ചെയ്യലിന് വെളിപ്പെടുത്തലുമായി ബന്ധമില്ലെന്നാണ് വിജിലൻസ് വിശദീകരണം. വലിയ ഗൂഢാലോചന, വെളിപ്പെടുത്തലിന് പിന്നിൽ ഉള്ളത് കൊണ്ടാണ് പൊലീസ് അന്വേഷണമെന്നും സർക്കാർ പറയുന്നു.
