തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേട് അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്റ്റേ കേസന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹർജി. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം സ്റ്റേ ചെയ്തത്  മൂലം കേസ്  പൂർണമായും തടസപ്പെട്ട അവസ്ഥയിലാണ്. 

ഫ്ലാറ്റ് നിർമാണത്തിനായി  വിദേശ ഏജന്‍സിയില്‍ നിന്ന് ലഭിച്ച പണത്തില്‍ ഒരു ഭാഗം കൈക്കൂലിയായും വിലയേറിയ സമ്മാനവുമായി നൽകിയിട്ടുണ്ടെന്ന് കരാർ കമ്പനിയായ യൂണിടാക് ഉടമ  സന്തോഷ് ഈപ്പന്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വസ്തുതകൾ, ഉദ്യോഗസ്ഥ ഗൂഢാലോചന എന്നിവ കണ്ടെത്തേണ്ടതുണ്ട് എന്നും സിബിഐയുടെ ഹർജിയിൽ പറയുന്നു. കഴിഞ്ഞ ഒക്ടോബർ 13നായിരുന്നു ലൈഫ് മിഷന് എതിരായ അന്വേഷണം കോടത്തി തടഞ്ഞത്.