Asianet News MalayalamAsianet News Malayalam

ജോസിന്‍റെ കൂട്ട് നേട്ടമായി; യുഡിഎഫ് കോട്ടകൾ ഉലച്ച് ഇടതുമുന്നണി, അഭിമാനമുണ്ടെന്ന് ജോസ് കെ മാണി

പളിര്‍പ്പിനു ശേഷവും അണികള്‍ തനിക്കൊപ്പമെന്ന് തെളിയിക്കാന്‍ ജോസ് കെ മാണിക്കായി .ജോസഫ് ജോസ് വഴി പിരിയലിനുകാരണമായ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം ഇടത് മുന്നണിക്ക് പിടിച്ചു കൊടുത്ത് ജോസിന്‍റെ മറ്റൊരു മധുര പ്രതികാരം 

kerala local body election 2020 jose k mani ldf
Author
Kottayam, First Published Dec 16, 2020, 12:58 PM IST

തിരുവനന്തപുരം: മധ്യ കേരളത്തിലെ കേരള കോണ്‍ഗ്രസ് കോട്ടകളില്‍ ഇടതു മുന്നണിക്ക് വന്‍ വിജയം സമ്മാനിച്ച് തെരഞ്ഞെടുപ്പിലെ മിന്നും താരമായി ജോസ് കെ മാണി. പാലായിലും  കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളിലുമടക്കം നിരവധിയിടത്ത് ഇടതു വിജയത്തിന്‍റെ  പ്രധാന കാരണം കേരള കോണ്‍ഗ്രസ്  ജോസ് കെ മാണി  വിഭാഗമാണ്.  പാലാ നഗരസഭ തൂത്തുവാരിയ  ജോസ് കെ മാണി വിഭാഗം കോട്ടയം ജില്ലാപഞ്ചായത്തു കൂടി  ഇടതു മുന്നണിയുടെ കൈകളില്‍ എത്തിച്ചു. 

അഭിമാനകരമാണ് വിജയമെന്ന് ജോസ്കെ മാണി പ്രതികരിച്ചു. ഇടതുമുന്നണി ഉജ്ജ്വല വിജയമാണ് നേടിയത്. എക്കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയായിരുന്നു കോട്ടയം. യുഡിഎഫ് കോട്ടകളിലെല്ലാം ചരിത്രമാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. യഥാര്‍ത്ഥ കേരളാ കോൺഗ്രസ് ആരെന്ന സംശയത്തിന് ജനം മറുപടി നൽകി. ചതിച്ച് പോയവര്‍ക്കും തള്ളി പറഞ്ഞവര്‍ക്കും ഉള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം. ജനക്ഷേമ പദ്ധതികൾ മുൻനിര്‍ത്തി വലിയ സ്വീകാര്യത ഇടതു ഭരണത്തോട് ജനങ്ങൾക്ക് ഉണ്ടെന്നും ജോസ് കെമാണി പറഞ്ഞു. 

 പാലാ നഗരസഭയുടെ 68 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇടതു മുന്നണി ഭരണം പിടിക്കുന്നത്.പാലാ നഗരസഭക്കൊപ്പം സമീപ പഞ്ചായത്തുകളിലും ജോസ് കെ മാണിയുടെ പിന്തുണയില്‍  ഇടതു മുന്നണിയില്‍ ഭരണം നേടി. പാലാ ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷമുള്ള ജോസ് കെ മാണിയുടെ ശക്തമായ തിരിച്ചുവരവാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കാണുന്നത്.  പിളര്‍പ്പിനു ശേഷവും അണികള്‍ തനിക്കൊപ്പമെന്ന് തെളിയിക്കാന്‍ ജോസ് കെ മാണിക്കായി .ജോസഫ് ജോസ് വഴി പിരിയലിനു കാരണമായ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം ഇടത് മുന്നണിക്ക് പിടിച്ചു കൊടുത്ത് ജോസിന്‍റെ മറ്റൊരു മധുര പ്രതികാരവുമായി. 

പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനും ജോസ് കെ മാണി വിഭാഗത്തിനായി. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഇടതു മുന്നേറ്റവും ജോസ് കെ മാണിയുടെ അക്കൗണ്ടിലാണ്. ജോസ് ജോസഫ് വിഭഗങ്ങള്‍ പരസ്പരം മത്സരിച്ച ഭൂരിപക്ഷം സ്ഥലങ്ങളിലും ജയിച്ചുകയറാനായി എന്നതും ജോസ് കെ മാണിക്ക് നേട്ടമായി. പിജെ ജോസഫിനായി ജോസിനെ കൈവിട്ടത് തെറ്റായെന്ന് കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

മിന്നും വിജയത്തോടെ  ഇടതു മുന്നണിക്കുള്ളിലെ  വിമര്‍ശകരുടെ നാവടപ്പിക്കാനും ജോസ്  കെ മാണിക്കാകും. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റിനായി വില പേശാന്‍ ജോസ് കെ മാണിക്ക് കരുത്ത്  നല്‍കുന്നതു കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. ജോസിലൂടെയുള്ള പരീക്ഷണം വിജയിച്ചതോടെ  നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളും സിപിഎം ശക്തമാക്കാനാണ് സാധ്യത

Follow Us:
Download App:
  • android
  • ios