തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായത്  ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നമ്മളൊന്നായി തുടരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയമാണ്. കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് നാടിനെ സ്നേഹിക്കുന്നവർ നൽകിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം പൂർത്തിയായി. ഇതുവരെ വന്ന ഫലം വന്നതനുസരിച്ച് ഇടതുമുന്നണിക്ക് ആവേശകരമായ വിജയമാണ് നേടിയിരിക്കുന്നത്.ഇത് ജനങ്ങളുടെ വിജയം. നമ്മളൊന്നായി തുടരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയം. കേരളത്തെയും നേട്ടങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് നാടിനെ സ്നേഹിക്കുന്നവർ നൽകിയ മറുപടി. ഇവിടെ സംഘടിതമായി നടത്തിയ നുണപ്രചാരണങ്ങൾക്ക് ഈ തെരഞ്ഞെടുപ്പിലൂടെ കേരളീയർ ഉചിതമായ മറുപടി നൽകി. 

യുഡിഎഫ് കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാവുന്നു. ബിജെപിയുടെ അവകാശവാദങ്ങൾ ഒരിക്കൽ കൂടി തകർന്നടിഞ്ഞു. എന്തെല്ലാം അവകാശവാദങ്ങളാണ് അവരുയർത്തിയത്. അതുപോലെ വർഗീയ ശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പുകൾക്കും കേരള രാഷ്ട്രീയത്തിൽ ഇടമില്ലെന്നും ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു.

2015 ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വലിയ മുന്നേറ്റം നേടി. ഏഴ് വീതം ജില്ലാ പഞ്ചായത്തുണ്ടായിരുന്നതിൽ നിന്ന് 11 ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുന്നു. കഴിഞ്ഞ തവണ 98 ബ്ലോക്കിലാണ് ജയിച്ചത്. ഇത്തവണ 108 ആയി. കോർപ്പറേഷനുകളുടെ കാര്യത്തിലും ആറിൽ അഞ്ചിടത്ത് വിജയിച്ച് എൽഡിഎഫ് വൻ മുന്നേറ്റം നേടി. 941 ഗ്രാമപഞ്ചായത്തുകളിൽ 514 എണ്ണത്തിൽ ഇടതുമുന്നണിക്ക് വ്യക്തമായ മേൽക്കൈ നേടാനായി.

ഇതിലൊക്കെ ശ്രദ്ധിക്കേണ്ട കാര്യം കൃത്യമായ മുന്നണി സംവിധാനത്തിലൂടെ ഒരു തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടോ ധാരണയ്ക്കോ ഒന്നിനും പോകാതെ സംശുദ്ധമായ നിലപാട് പാലിച്ചാണ് 55 ശതമാനത്തോളം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് വിജയിച്ചത്.മുനിസിപ്പിലിറ്റികളുടെ കാര്യത്തിലാണ് നഷ്ടം. കഴിഞ്ഞ തവണ 48 ഇത്തവണ 35.കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന മുന്നണി പുറകോട്ട് പോയി. എന്നാൽ ഇത്തവണ ഭരണത്തിലിരിക്കുന്ന മുന്നണി വൻ വിജയം നേടി. ഏതെങ്കിലും ഒറ്റപ്പെട്ട മേഖലയിലോ പ്രദേശത്തോ മാത്രമുള്ള മുന്നേറ്റമല്ല. സംസ്ഥാനത്തുടനീളം എല്ലായിടത്തും എൽഡിഎഫ് സമഗ്ര ആധിപത്യം നേടി. ജനം കലവറയില്ലാത്ത പിന്തുണ നൽകി.

അതിൽ എല്ലാ വിഭാഗക്കാരും എല്ലാ പ്രദേശക്കാരുമുണ്ട്. നാടിന്റെ പ്രത്യേകത വെച്ചാൽ വിവിധ ജാതി മത വിഭാഗങ്ങളെല്ലാമുണ്ട്. ഒരു ഭേദവുമില്ലാതെ എൽഡിഎഫിനെ പിന്താങ്ങുന്ന നിലയുണ്ടായി.വ്യത്യസ്ത മേഖലയെന്ന് തോന്നുന്ന എല്ലായിടത്തും വലിയ സ്വീകാര്യതയോടെ ജനം എൽഡിഎഫിനെ സ്വീകരിച്ചു. അതുകൊണ്ട് തന്നെ ഇത് കേരള ജനതയുടെ വിജയമാണ്. യുഡിഎഫിന് ആധിപത്യമുണ്ടായിരുന്ന പ്രദേശങ്ങളിൽ കോൺഗ്രസും യുഡിഎഫും ദയനീയമായി പരാജയപ്പെട്ടു.