മിന്നും ജയത്തോടെ നാല് കോർപ്പറേഷനുകളിലാണ് യുഡിഎഫ് ഭരണമുറപ്പിച്ചത്. മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലും യുഡിഎഫ് തന്നെയാണ് മുന്നിൽ. ജില്ലാ പഞ്ചായത്തുകളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം. കോര്‍പ്പറേഷനുകളിൽ ചരിത്ര വിജയം നേടിയ മുന്നണി നഗരസഭകളിലും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലും ഇടത് മുന്നണിയെ മലര്‍ത്തിയടിച്ചു. മിന്നും ജയത്തോടെ നാല് കോർപ്പറേഷനുകളിലാണ് യുഡിഎഫ് ഭരണമുറപ്പിച്ചത്. മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലും യുഡിഎഫ് തന്നെയാണ് മുന്നിൽ. ജില്ലാ പഞ്ചായത്തുകളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

ഇപ്പോഴില്ലെങ്കിൽ ഇനിയില്ല എന്ന് മനസില്‍ കുറിച്ചായിരുന്നു തദ്ദേശപ്പോരില്‍ യുഡിഎന്‍റെ പ്രചരണം. തദ്ദേശത്തിലെ തോല്‍വി കേരള ഭരണത്തിലേയ്ക്ക് മടങ്ങി വരാനുള്ള സാധ്യതകളെ തകര്‍ക്കും. മൂന്നാമതും പ്രതിപക്ഷത്തായാൽ പിന്നെ രാഷ്ട്രീയ വനവാസം. ജയിച്ചേ തീരുവെന്ന് ഉറപ്പിച്ച യുഡിഎഫുകാരെല്ലാം പ്രചരണത്തിന് കൈയ്മെയ് മറന്നിറങ്ങി. പണ്ടത്തെപ്പോലെ തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. സംഘടനാ ശക്തിയില്ലാത്തയിടത്ത് ഉള്ളവര്‍ ഒറ്റയ്ക്കെങ്കിലും വോട്ട് തേടി വീടുകയറി. പണവും ആളുമില്ലെന്ന് ആരും പരാതി പറഞ്ഞിരുന്നില്ല. അക്ഷരാര്‍ത്ഥത്തിൽ ജീവൻമരണ പോരാട്ടമായിരുന്നു യുഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പ്. തോറ്റ് പോയ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും ആഹ്ലാദിക്കാൻ കഴിയുന്ന മിന്നും ജയം മുന്നണി നേടി. 

2010 ന് സമാനായ 'വിജയ' തരംഗം

തദ്ദേശ ചരിത്രത്തിൽ യുഡിഎഫ് മികച്ച ജയം നേടിയ 2010 ന് സമാനായ തരംഗം. അന്ന് പോലുമില്ലാതിരുന്ന വമ്പൻ നേട്ടമാണ് കോര്‍പറേഷനുകളില്‍ കണ്ടത്. കണ്ണൂര്‍ നിലനിര്‍ത്തിയ മുന്നണി, കൊച്ചിയും തൃശ്ശൂരും വ്യക്തമായ ഭൂരിപക്ഷത്തിൽ തിരിച്ചു പിടിച്ചു. അതിലുമേറെ ആഹ്ലാദം ചരിത്രത്തിൽ ആദ്യമായി കൊല്ലത്ത് മുന്നിലെത്തി എന്നതാണ്. കോഴിക്കോട്ട് വ്യക്തമായ ഭൂരിപക്ഷം കൊടുക്കാതെ എൽഡിഎഫിനെ പിടിച്ചു നിര്‍ത്തി. തിരുവനന്തപുരത്ത് സീറ്റ് ഏതാണ്ട് ഇരട്ടിയോളമാക്കി. 2010 ലേതിനെ പോലെ നഗരസഭകളിൽ മുന്നിൽ മുന്നണി. 2010 നേടിയ 582 ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് എത്തിയില്ലെങ്കിലും 500 കടന്ന ജയം. 349 ഇടത്താണ് നിലവിൽ ഭരണമുണ്ടായിരുന്നത്. ഇരട്ടിയിലധികം ബ്ലോക്കുകളിൽ ഭരണത്തിലെത്തി. ജില്ലാ പഞ്ചായത്തിൽ 8, 6 എന്ന 2010 ചരിത്രം ആവര്‍ത്തിച്ചില്ല. പക്ഷേ, ജില്ലാ പഞ്ചായത്തുകളുടെ എണ്ണം 2020ൽ മൂന്നായിരുന്നവെങ്കിൽ ഏഴാക്കി. തോറ്റിടത്ത് സീറ്റ് കൂട്ടി.

തദ്ദേശം കടന്ന് നിയമസഭയിലേയ്ക്ക് പോകുമ്പോള്‍ യുഡിഎഫിന് അതിന്‍റെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ് ജില്ലാ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും നേട്ടം. പത്തനംതിട്ട മുതൽ എറണാകുളം വരെ ജില്ലകളിലെ ആധികാരിക ജയം വഴുതിപ്പോയ വോട്ടുകള്‍ തിരികെ വരുന്നുവെന്നതിന്‍റെ സൂചനയാണ്. സഭകളുമായി മുന്നണി നേതൃത്വം നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള മുഖ്യ പ്രചാരണ വിഷയമാക്കിയതിന്‍റെ വോട്ടുപങ്കും മുന്നണിക്ക് കിട്ടി. പിഎം ശ്രീ ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ച് സിപിഎമ്മിനെതിരെ ബിജെപി ബാന്ധവം ആരോപണം കടുപ്പിച്ചതും യുഡിഎഫിന് വോട്ടുപാലമായി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് പ്രചാരണത്തിൽ പ്രതിരോധത്തിലാക്കിയെങ്കിലും അതിന്‍റെ ആഘാതത്തിനും മേലെയായി ഭരണ വിരുദ്ധ വികാരം.

YouTube video player