തെരഞ്ഞെടുപ്പില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും കുടുംബസമേതമെത്തിയാണ് വോട്ട് ചെയ്തത്
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും കുടുംബസമേതമെത്തിയാണ് വോട്ട് ചെയ്തത്. രാവിലെ മോക്പോള്‍ ആരംഭിച്ചപ്പോള്‍തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. രാഷ്ട്രീയ കലാസാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു. പട്ടം സെന്‍റ്മേരീസ് എച്ച്എസ്എസിലായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് വോട്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും, കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും തിരുവനന്തപുരത്തെ ജവഹര്‍ നഗര്‍ എല്‍പി സ്കൂളില്‍ സമ്മതിദാന വകാശം വിനിയോഗിച്ചു.
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബി, ശശി തരൂര്‍ എംപി, കര്‍ദിനാള്‍ ക്ലിമിസ് എന്നിവര്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ വോട്ട് ചെയ്തു. കൊട്ടാരക്കര മാർത്തോമാ സ്കൂളില്‍ മന്ത്രി കെ എന്‍ ബാലഗോപാലും കൊല്ലം കോർപ്പറേഷൻ കന്‍റോണ്‍മെന്‍റ് ഡിവിഷനിലെ ബൂത്തില്‍ എന്‍കെ പ്രേമചന്ദ്രനും വോട്ട് ചെയ്തു. കെ സി വേണുഗോപാല്‍ ആലപ്പുഴ കൈതവനയിലും രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ണാറശ്ശാല യുപി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും ആലപ്പുഴ ജില്ലയിലെ ബൂത്തുകളില്‍ വോട്ട് ചെയ്തു. മന്ത്രി പി രാജീവ് കളമശേരിയിലും റോഷി അഗസ്റ്റിന്‍ വാഴത്തോപ്പ് സ്കൂളിലും വീണാ ജോര്‍ജ് പത്തനംതിട്ട കുമ്പഴയിലും യുഡിഎഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ് അടൂരിലും വോട്ട് ചെയ്തു. കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് പുറപ്പുഴയിലും മാണി സി. കാപ്പൻ പാലാ നഗരസഭയിലും വോട്ട് ചെയ്തു.
സിനിമാതാരങ്ങളായ ആസിഫലിയും രഞ്ജി പണിക്കരും നടനും സംവിധാനയകനുമായ ലാലും സംവിധായകന്‍ ബ്ലസിയും സമ്മതിദാനവകാശം വിനിയോഗിച്ചു. ഇടുക്കി ബിഷപ്പ് ജോൺ നെല്ലിക്കുന്നിലും മാർത്തോമ സഭ അധ്യക്ഷൻ ഡോക്ടർ തിയാഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയും വോട്ട് ചെയ്ത പ്രമുഖരില്‍പ്പെടും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കുടുംബമായെത്തി കണിച്ചുകുളങ്ങര ദേവസ്വം ഗേൾസ് ഹൈസ്കൂൾ വോട്ട് രേഖപ്പെടുത്തി. തുഷാർ വെള്ളാപ്പള്ളിയും ഇവിടെ വോട്ട് ചെയ്തു.



