തിരുവനന്തപുരം: തദ്ദേശ തെര‍ഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ രണ്ട് വാർഡുകളിൽ കൂടി ഇടത് മുന്നണിക്ക് എതിരില്ലാതായി. പരിശോധനയുടെ അന്തിമപട്ടിക രാത്രിയോടെ പുറത്തുവരും. ആന്തൂരിൽ അടക്കം മലബാറിലെ 15 വാർഡുകളിൽ സിപിഎം ഭീഷണി കൊണ്ടാണ് എതിർസ്ഥാനാർത്ഥികൾക്ക് പത്രിക നൽകാനാകാത്തതെന്ന് കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു. പാർട്ടിയുടെ ജനപിന്തുണയാണ് കാരണമെന്നാണ് സിപിഎം മറുപടി.

കാസർകോട് മടിക്കൈ പഞ്ചായത്തിൽ പത്താം വാർഡിൽ സൂക്ഷ്മപരിശോധനയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ എൽഡിഎഫിന്‍റെ പി പ്രകാശിന് എതിരില്ലാതായി. മടിക്കെയിലെ നാലു വാർഡുകളിൽ ഇതോടെ എൽ‍ഡിഎഫിന് എതിർ സ്ഥാനാർത്ഥികളില്ല. 

ആലപ്പുഴ കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിൽ ഇടത് സ്ഥാനാർത്ഥി കെ എ പ്രമോദിനും എതിരില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങിയ കൈനകരി വികസനസമിതി പ്രതിനിധി ബി കെ വിനോദിന്‍റെ പത്രിക തള്ളിക്കളഞ്ഞു. വാർഡ് മാറി മത്സരിക്കുന്നതിന്‍റെ സത്യവാങ്മൂലം നൽകാത്തതാണ് കാരണം. പത്രിക തള്ളിയതിനെതിരെ വിനോദ് അപ്പീൽ നൽകിയിട്ടുണ്ട്. 

മലപ്പുറം വട്ടംകുളം പഞ്ചായത്തിൽ വനിതാസംവരണവാർഡിൽ സിപിഎം പുരുഷഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. സത്യവാങ്മൂലത്തിൽ ഒപ്പിടാത്തതിനെ തുടർന്ന് കണ്ണൂർ പാലത്തുംകടവ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. കൊല്ലം അലയമൺ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വ്യാജജാതി സ‍ർട്ടിഫിക്കറ്റ് നൽകിയെന്ന് പരാതി ഉയ‍ർന്നു. തർക്കം ശനിയാഴ്ച പരിശോധിക്കും. 

അതേസമയം, ആന്തൂർ പഞ്ചായത്തിൽ അടക്കം എൽഡിഎഫിന് എതിരാളികളില്ലാത്തത് രാഷ്ട്രീയവിവാദമായി കത്തിപ്പടരുകയാണ്. ഭീഷണി മൂലമാണ് ഇവിടെ സിപിഎമ്മിന് എതിർസ്ഥാനാർത്ഥികളില്ലാത്തതെന്ന് കെപിസിസി അധ്യക്ഷനടക്കം ആരോപിക്കുമ്പോൾ, പാർട്ടിയുടെ ജനസമ്മതി കൂടിയത് കാണാതിരുന്നിട്ട് കാര്യമെന്തെന്നാണ് എം വി ജയരാജന്‍റെ ചോദ്യം. 

സൂക്ഷ്മപരിശോധന തീർന്നിട്ടും മൂന്ന് മുന്നണികൾക്കും ഭീഷണിയായി പലയിടത്തും വിമതർ തുടരുന്നുണ്ട്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ചയാണ്.