ആലപ്പുഴ എസ്‍ടിബി സ്കൂളിൽ രാവിലെ പത്തരയോടെ വോട്ട് ചെയ്യാനെത്തുമെന്നാണ് ഇന്നലെ മന്ത്രി തോമസ് ഐസകിന്‍റെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നത്. എന്നാൽ മന്ത്രി വളരെ നേരത്തേ എത്തി, മാധ്യമങ്ങളെ ഒഴിവാക്കുകയും ചെയ്തു. 

ആലപ്പുഴ: മാധ്യമങ്ങളെ അറിയിക്കാതെ നേരത്തേ വോട്ട് ചെയ്ത് മടങ്ങി ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പിന് തലേന്ന്, ആലപ്പുഴ എസ്‍ടിബി സ്കൂളിൽ രാവിലെ പത്തരയോടെ വോട്ട് ചെയ്യാനെത്തുമെന്നാണ് മന്ത്രി തോമസ് ഐസകിന്‍റെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നത്. പ്രമുഖനേതാക്കളും വിഐപി വോട്ടർമാരും എപ്പോഴാണ് വോട്ട് ചെയ്യാനെത്തുക എന്ന് മാധ്യമപ്രവർത്തകർ തലേന്ന് അന്വേഷിച്ചാൽ സമയം അറിയിക്കാറുള്ളതുമാണ്. എന്നാൽ നേരത്തേ അറിയിച്ച സമയത്തിന് വളരെ മുമ്പേ തന്നെ വന്ന് മന്ത്രി തോമസ് ഐസക് വോട്ട് ചെയ്ത് മടങ്ങി. മാധ്യമങ്ങളെ കാണുന്നത് ഒഴിവാക്കുകയും ചെയ്തു.

ഇക്കാര്യത്തെക്കുറിച്ച് ചോദിക്കാൻ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവർ പ്രതികരിക്കാൻ തയ്യാറായില്ല. മന്ത്രി എറണാകുളത്തേക്കാണ് വോട്ട് ചെയ്ത ശേഷം പോയതെന്നാണ് അറിയുന്നത്. 

തദ്ദേശതെരഞ്ഞെടുപ്പ് കഴിയാതെ ഇനി ഒരു വിഷയത്തിലും പ്രതികരിക്കുകയോ ചെയ്യില്ലെന്ന് നേരത്തേ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന്‍റെ ഭാഗമായിട്ടാകണം മാധ്യമങ്ങളെ ഒഴിവാക്കി ധനമന്ത്രി നേരത്തേ വോട്ട് ചെയ്ത് മടങ്ങിയതെന്നാണ് കരുതപ്പെടുന്നത്.

കിഫ്ബിയിലെ സിഎജി റിപ്പോർട്ട് പുറത്തുവിട്ടത് അടക്കം പല വിവാദങ്ങളിലും വലിയ രീതിയിൽ ധനമന്ത്രി പ്രതിരോധത്തിലായിരുന്നു. ഇതേച്ചൊല്ലി പ്രതിപക്ഷ എംഎൽഎ വി ഡി സതീശൻ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഇത് പരിശോധിക്കാൻ സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടത് രാഷ്ട്രീയവൃത്തങ്ങളിൽത്തന്നെ അമ്പരപ്പ് സൃഷ്ടിച്ചതാണ്. നടപടി എന്തായാലും നേരിട്ടോളാം എന്നാണ് ഐസക് ഇതിനോട് പ്രതികരിച്ചത്. 

ഐസകിന് കീഴിലുള്ള കെഎസ്എഫ്ഇയിൽ മുഖ്യമന്ത്രി പിണറായിയുടെ ചുമതലയിലുള്ള വിജിലൻസ് വകുപ്പ് നടത്തിയ മിന്നൽ പരിശോധന വലിയ വിവാദമായതാണ്. 'ആരുടെ വട്ടാണിത്' എന്നാണ് മന്ത്രി ഇതേക്കുറിച്ച് ചോദിച്ചത്. എന്നാൽ ഇത് വട്ടല്ല, സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും, ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ചൂണ്ടിക്കാട്ടി സഹമന്ത്രിമാരടക്കം രംഗത്ത് വന്നതോടെ ഐസക് മൗനത്തിലായി. പിന്നീട് വന്ന എല്ലാ ചോദ്യങ്ങളോടും, ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞ് പ്രതികരിക്കാമെന്നാണ് ഐസക് പറഞ്ഞത്.