രാവിലെ ഒമ്പത് മണി വരെയുള്ള കണക്കുകള്‍ അനുസരിച്ച് 8.82 ശതമാനമാണ് പോളിംഗ്. തൃശൂർ -8. 94%, പാലക്കാട്- 9.18%, മലപ്പുറം- 8.78%, കോഴിക്കോട്- 8.61%, വയനാട് -9.91%, കണ്ണൂർ- 8.4%, കാസർക്കോട്- 8.75% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം.
കണ്ണൂര്‍/ കോഴിക്കോട്: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോൾ പോളിംഗ് പത്ത് ശതമാനത്തോളമെത്തി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമാണ് പോളിംഗ് ശതമാനത്തില്‍ മുന്നിലുള്ളത്. രാവിലെ ഒമ്പത് മണി വരെയുള്ള കണക്കുകള്‍ അനുസരിച്ച് 8.82 ശതമാനമാണ് പോളിംഗ്. തൃശൂർ -8. 94%, പാലക്കാട്- 9.18%, മലപ്പുറം- 8.78%, കോഴിക്കോട്- 8.61%, വയനാട് -9.91%, കണ്ണൂർ- 8.4%, കാസർക്കോട്- 8.75% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ പലയിടത്തും വോട്ടിങ് മെഷീൻ തകരാറിലായത് പോളിംഗിനെ കാര്യമായി ബാധിച്ചു. പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് തുടർന്നെങ്കിലും ചിലയിടങ്ങളിൽ വോട്ടർമാർ ഏറെ നേരം കാത്തുനിൽക്കേണ്ടിവന്നു.
രാവിലെ തന്നെ പലയിടത്തും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. നൂറിലേറെ ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങളിലെ തകരാർ കാരണം പോളിംഗ് തടസ്സപ്പെട്ടു. പാലക്കാട് നെല്ലായ പട്ടിശ്ശേരി വാർഡിൽ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. അര മണിക്കൂർ വോട്ടിങ് തടസപ്പെട്ടു. മെഷീൻ മാറ്റിയതിന് ശേഷമാണ് വോട്ടിങ് പുനഃസ്ഥാപിച്ചത്. പാലക്കാട് വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാർഡിൽ 15 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. മെഷീൻ മാറ്റി സ്ഥാപിച്ചു. മനിശ്ശേരി കുന്നുംപുറം ബൂത്തിലാണ് തടസ്സം നേരിട്ടത്. കാസർകോട് ദേലംപാടി പഞ്ചായത്തിലെ വാർഡ് 16, പള്ളംകോട് ജി.യു.പി.എസ് സ്കൂളിലെ ബൂത്ത് ഒന്നിൽ മെഷീൻ പ്രവർത്തിക്കാത്തതാണ് കാരണം വോട്ടിംഗ് വൈകി. മലപ്പുറം എ ആര്‍ നഗർ പഞ്ചായത്ത് അഞ്ചാം വാർഡിലെ രണ്ടാം ബൂത്തിലും പോളിംഗ് മെഷിൻ്റെ തകരാർ കാരണം വോട്ടെടുപ്പ് തുടങ്ങിയിട്ടില്ല. കൊടിയത്തൂർ പഞ്ചായത്തിലും വോട്ടിങ് മെഷീൻ തകരാറിലായി. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് ബൂത്ത് രണ്ടിൽ വോട്ടിങ് മെഷീൻ തകരാറിലായി. തുടക്കത്തിൽ വോട്ടിങ് നടന്നിരുന്നു പിന്നീട് തകരാറിലാകുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത് 23 വാർഡ് ബൂത്ത് ഒന്നിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. ഇതുവരെ മോക്ക് പോളിംഗ് നടത്താൻ ആയില്ല. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് 2 ലും മെഷീൻ തകരാറിലായി.
പോളിംഗ് പൊതുവെ സമാധാനപരമാണ്. എന്നാൽ ഒറ്റപ്പെട്ട ചില പരാതികൾ ഉയർന്നു. പാലക്കാട് കരിമ്പ പഞ്ചായത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നതായി ആരോപണം ഉയർന്നു. കണ്ണൂർ ചെങ്ങളായി പഞ്ചായത്തിലെ ഒന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോളിംഗ് ഏജൻ്റ്മാരെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി ഉയർന്നു. പാലക്കാട് കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് ആറാം വാർഡിൽ മദ്യപിച്ചെത്തിയ പോളിങ് ഉദ്യോഗസ്ഥനെ മാറ്റി പകരം ഉദ്യോഗസ്ഥനെ നിയോഗിച്ചു. തൃശൂർ വലക്കാവ് എൽ പി സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ തേനീച്ച കുത്തേറ്റ് നിരവധി പേർക്ക് പരിക്കേറ്റു. എട്ട് പേരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



