വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് ആരംഭിച്ചു. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. 470 ഗ്രാമപ്പഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് ജില്ലാ പഞ്ചായത്ത്, 47 മുനിസിപ്പാലിറ്റി, 3 കോർപറേഷൻ എന്നിവിടങ്ങളിലായി 12,391 വാർഡുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് 6 വരെയാണ് സമയം. ആകെ 1. 53 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇതിൽ 72. 46 ലക്ഷം പുരുഷന്മാരും 80. 90 ലക്ഷം സ്ത്രീകളും 161 ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. 38,994 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ മത്സരരംഗത്തുള്ളത്. കഴിഞ്ഞ ദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണൽ.
രാവിലെ തന്നെ പലയിടത്തും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീൻ തകരാറിലായി. കാസർകോട് ദേലംപാടി പഞ്ചായത്തിലെ വാർഡ് 16, പള്ളംകോട് GUPS സ്കൂളിലെ ബൂത്ത് ഒന്നിൽ മെഷീൻ പ്രവർത്തിക്കാത്തതാണ് കാരണം വോട്ടിംഗ് വൈകി. മലപ്പുറം എ ആര്‍ നഗർ പഞ്ചായത്ത് അഞ്ചാം വാർഡിലെ രണ്ടാം ബൂത്തിലും പോളിംഗ് മെഷിൻ്റെ തകരാർ കാരണം വോട്ടെടുപ്പ് തുടങ്ങിയിട്ടില്ല. കൊടിയത്തൂർ പഞ്ചായത്തിലും വോട്ടിങ് മെഷീൻ തകരാറിലായി. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് ബൂത്ത് രണ്ടിൽ വോട്ടിങ് മെഷീൻ തകരാറിലായി. തുടക്കത്തിൽ വോട്ടിങ് നടന്നിരുന്നു പിന്നീട് തകരാറിലാകുകയായിരുന്നു. വടകര ചോറോട് പഞ്ചായത്ത് 23 വാർഡ് ബൂത്ത് ഒന്നിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. ഇതുവരെ മോക്ക് പോളിംഗ് നടത്താൻ ആയില്ല. കിഴക്കോത്ത് പഞ്ചായത്തിലെ ബൂത്ത് 2 ലും മെഷീൻ തകരാറിലായി.
രണ്ടാം ഘട്ടത്തിൽ 12,391 വാർഡിൽ ഇന്ന് ജനവിധി
രണ്ടാം ഘട്ടത്തിൽ 7 ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാർഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാർഡുകളിലേക്കും, 3 കോർപ്പറേഷനുകളിലെ 188 വാർഡുകളിലേക്കുമാണ് ജനവിധി നടക്കുന്നത്. ആകെ 1.53 കോടിയിലധികം വോട്ടർമാർ ഈ ഘട്ടത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതിൽ 80.90 ലക്ഷം സ്ത്രീ വോട്ടർമാരും 72.46 ലക്ഷം പുരുഷ വോട്ടർമാരും ഉൾപ്പെടുന്നു. 18,274 പോളിങ് സ്റ്റേഷനുകളാണ് ഏഴ് ജില്ലകളിലായി സജ്ജമാക്കിയിരിക്കുന്നത്.


