ഭരണാനുകൂല വികാരത്തിൽ വലിയ നേട്ടമുണ്ടാക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. മോദി ഗ്യാരണ്ടിയുടെ കരുത്ത് തെളിയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. 

തിരുവനന്തപുരം : ഏപ്രിൽ 26 ന് കേരളം പോളിംഗ് ബൂത്തിലേക്ക്. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പ്രചാരണത്തിലെ ആവേശവും കൂടി. 20 സീറ്റും പിടിക്കുമെന്നാണ് യുഡിഎഫ് പ്രഖ്യാപനം. ഭരണാനുകൂല വികാരത്തിൽ വലിയ നേട്ടമുണ്ടാക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. മോദി ഗ്യാരണ്ടിയുടെ കരുത്ത് തെളിയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. 

കത്തും ചൂടിൽ വോട്ടെടുപ്പ് മെയ്യിലേക്ക് കടക്കുമോ എന്നായിരുന്നു രാഷ്ട്രീയപ്പാർട്ടികളുടെ ആശങ്ക. ഒടുവിൽ കണക്ക് കൂട്ടിയപോലെ വിഷുവും റംസാനും കടന്ന് ഏപ്രിൽ 26 ന് പോളിംഗ്. 2019 ൽ വോട്ടെടുപ്പ് ഏപ്രിൽ 23ന്. അപ്പോഴും ഇനിയും 41 ദിവസം ബാക്കി. പ്രഖ്യാപനം വരും മുമ്പെ സംസ്ഥാനത്ത് രാഷ്ട്രീയച്ചൂട് കുതിച്ചുയർന്നിരുന്നു. ഇനിയങ്ങോട്ട് പോരിൻറെ പരകോടി . ബിജെപി വിരുദ്ധവോട്ടും രാഹുൽ ഗാന്ധി ഫാക്ടറും വഴി യുഡിഎഫ് പ്രതീക്ഷിക്കുന്നത് ക്ലീൻ സ്വീപ്. കഴിഞ്ഞ തവണ പോയ ആലപ്പുഴ കൂടിപിടിക്കുമെന്നാണ് പ്രഖ്യാപനം. 

ജനവിധി 2024 : ലോക്സഭാ തെര‍ഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു,7 ഘട്ടങ്ങളിൽ വോട്ടെടുപ്പ്, കേരളത്തിൽ ഏപ്രിൽ 26 ന്

സിഎഎ കച്ചിത്തുരുമ്പാക്കി ന്യൂനപക്ഷവോട്ട് ലക്ഷ്യമിട്ടാണ് ഇടത് പ്രചാരണം മുഴുവനും. രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് മോദി വിരുദ്ധ വോട്ട് പോക്കറ്റിലാക്കാനാണ് സിപിഎം ശ്രമം. കഴിഞ്ഞ തവണത്തെ നാണക്കേട് മാറ്റി വൻ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല എൽഡിഎഫ്. 

വെറും അക്കൗണ്ട് തുറക്കലല്ല, മോദി പ്രഖ്യാപിച്ച ഇരട്ട സീറ്റാണ് ബിജെപി ലക്ഷ്യം. കേരളത്തിലും മുൻനിർത്തുന്നത് മോദിയുടെ ഗ്യാരണ്ടി, ഉറച്ച ഭരണം. ട്വൻറി ട്വൻറി ഉന്നം വെക്കുമ്പോഴും ന്യൂനപക്ഷവോട്ട് ചോർന്നാൽ യുഡിഎഫ് കണക്ക് എല്ലം തെറ്റും. സംഘടനാ ശേഷിക്കൊത്ത പ്രചാരണത്തിനൊപ്പം രാഹുലിന് പഴയപ്രതാപമില്ലെന്ന വിമർശനത്തിനുമപ്പുറം ഭരണവിരുദ്ധ വികാരം വീശിയാൽ ഇടതിന് വീണ്ടും നിരാശപ്പെടേണ്ടിവരും. ത്രികോണമത്സരമുള്ള എ പ്ലസ് സീറ്റിലെ എതിർചേരിയിലെ കരുത്തർ അക്കൗണ്ട് തുറക്കാതിരിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ബിജെപിക്കുള്ള വെല്ലുവിളി.