09:37 AM (IST) Sep 19

അയ്യന്തോൾ സഹകരണ ബാങ്കിൽ ഇഡി റെയ്ഡ് കഴിഞ്ഞു

ഇ.ഡി വന്നത് പരിഭ്രാന്തി പരത്തിക്കൊണ്ടെന്ന് അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്. 24 മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്ക് ശേഷം ഇഡി സംഘം മടങ്ങിപ്പോയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചുവെന്നും ഇവ പൂർണമായും പരിശോധിച്ചുവെന്നും ബാങ്ക് പ്രസിഡന്റ് എൻ രവീന്ദ്രനാഥൻ വ്യക്തമാക്കി. ഒരു കസ്റ്റമർ ഒറ്റ ദിവസം 25 തവണ പണം അടച്ചാൽ ബാങ്കിന് ഒന്നും ചെയ്യാൻ സാധിക്കില്ല. പല ആളുകൾ ആയിരിക്കും ഒരു ദിവസം പണം അടച്ചിട്ടുണ്ടാവുക. സതീശൻ ബാങ്കിനെ ദുരുപയോഗം ചെയ്തു കാണാം എന്നും പ്രസിഡന്റ്‌ പറഞ്ഞു. നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ല. ഏത് കസ്റ്റമർ വന്നാലും പണം നൽകാൻ ബാങ്കിന് സാധിക്കും. സതീശൻ പരിചയപെടുത്തിയ വായ്‌പാ ഇടപാട് നടന്നതായും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. മണലൂർ സ്വദേശിയായ ദത്തു ആളുടെ വായ്പാ ഇടപാടിലാണ് സതീശന്റെ ഇടപെടൽ കണ്ടെത്തിയത്. കൂടുതൽ ആളുകൾ സതീശൻ മുഖേന വന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും ഇ ഡി ക്ക് കൈമാറിയിട്ടുണ്ടെന്നും രവീന്ദ്രനാഥൻ പറഞ്ഞു.

09:16 AM (IST) Sep 19

വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് ബിആർഎസ്

വനിതാ സംവരണബില്ലിനെ സ്വാഗതം ചെയ്ത് ബിആർഎസ് നേതാവ് കെ കവിത ഏഷ്യാനെറ്റ് ന്യൂസിനോട്. ഏത് രൂപത്തിലാണെങ്കിലും വനിതാ സംവരണബില്ലിനെ ബിആ‍ർഎസ് പാർലമെന്‍റിൽ അനുകൂലിക്കും. എന്താണ് ബില്ലിന്‍റെ കരട് എന്നോ മുമ്പുള്ള ബില്ലിൽ നിന്ന് മാറ്റങ്ങളുണ്ടോ എന്നും കേന്ദ്രം വെളിപ്പെടുത്താത്തത് നിരാശാജനകമാണ്. ഇത്തവണയെങ്കിലും അവസാനനിമിഷം ബിൽ പാസ്സാകാതെ പോകില്ലെന്ന് പ്രതീക്ഷിക്കുന്നു.

ഒബിസി അടക്കമുള്ള സമുദായങ്ങളുടെ സംവരണപരിധിയിൽ ഇടപെടാതെ വേണം ബിൽ നടപ്പാക്കാൻ. എല്ലാ പാർട്ടികളെയും വിശ്വാസത്തിലെടുക്കണം. ബിൽ പാസ്സാക്കാനുള്ള നടപടികൾ സുതാര്യമാകണം. ഇത് തെരഞ്ഞെടുപ്പിന് മുന്നേ വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയനാടകമല്ലെന്ന് വിശ്വസിക്കുന്നു. കോൺഗ്രസിനെ തെലങ്കാന വിശ്വസിക്കില്ല. ചെറിയ കുട്ടികൾക്ക് മിഠായി എറിഞ്ഞു കൊടുക്കുന്നത് പോലെ വാഗ്ദാനങ്ങൾ നൽകിയാൽ തെരഞ്ഞെടുപ്പിൽ ജയിക്കില്ല.

കോൺഗ്രസ് ജയിച്ചാൽ തെലങ്കാന ദില്ലിയിൽ നിന്നാകും ഭരിക്കപ്പെടുക. രാഹുലിന്‍റെ ആരോപണങ്ങൾ പരിഹാസ്യമാണ്. തെരഞ്ഞെടുപ്പ് വന്നാൽ ഇഡിയും ഐടിയും റെയ്‌ഡും വരുന്നത് സ്വാഭാവികമായിട്ടുണ്ട്. എന്നെയും പാർട്ടി എംഎൽഎമാരെയും വേട്ടയാടിയാലും തളരില്ല. ഞങ്ങൾ പോരാളികളാണ്. ഇത്തവണയും മികച്ച ഭൂരിപക്ഷത്തോടെ ബിആർഎസ് അധികാരത്തിൽ വരുമെന്നും കെ കവിത പ്രതികരിച്ചു.

09:13 AM (IST) Sep 19

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി

കാനഡയിലെ സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന വിശ്വസനീയമായ വിവരങ്ങൾ ഉണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ജൂണിലാണ് കാനഡയിലെ ഒരു ഗുരുദ്വാരക്ക് മുന്നിൽ വെച്ച് ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. കാനഡയിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതായി വിദേശ കാര്യ മന്ത്രി മെലനി ജോളി പാർലമെന്റിൽ വ്യക്തമാക്കി. 

09:12 AM (IST) Sep 19

റെയ്ഡിനോട് പ്രതികരിച്ച് എംകെ കണ്ണൻ

ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ തേടുകയാണ് ഇഡി ചെയ്തതെന്ന് തൃശ്ശൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എംകെ കണ്ണൻ. സതീശന്റെ അക്കൗണ്ടുകളുടെ വിവരങ്ങൾ തേടി. അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങൾ ഇ ഡി കൊണ്ടു പോയി. റെയ്ഡ് നടക്കുമ്പോൾ തന്നോട് ബാങ്കിലെത്താൻ ഇ ഡി ആവശ്യപ്പെട്ടിരുന്നു. സതീശന് ചെറിയ നിക്ഷേപങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. ഇ ഡി തന്നെ ചോദ്യം ചെയ്തിട്ടില്ല. കൊടുങ്ങല്ലൂർ കേസിനെക്കുറിച്ച് തനിക്ക് അറിയില്ല. അനിൽ അക്കരുടെ ആരോപണങ്ങൾ മാധ്യമങ്ങൾ ഏറ്റുപറയരുത്. അനിൽ അക്കരക്ക് തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ വ്യക്തി വിരോധമാണ്. സതീശനെ ഒരാൾക്കും പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല. സതീശനെ 30 വർഷമായി അറിയാം. അദ്ദേഹത്തെ കാണാറും സംസാരിക്കാറുമുണ്ട്. സതീശന്റെ ഗുണവും ദോഷവുമൊന്നും അന്വേഷിച്ചിട്ടില്ല. ലോഹ്യം മാത്രമേയുള്ളൂ. ഒരു കൂട്ടുകച്ചവടവും സതീശനുമായില്ലെന്നും കണ്ണൻ വ്യക്തമാക്കി.

09:09 AM (IST) Sep 19

ഇഡി സംഘം മടങ്ങി

തൃശ്ശൂർ സർവീസ് സഹകരണ ബാങ്കുകളിലെ പരിശോധന പൂർത്തിയാക്കി ഇഡി സംഘം മടങ്ങി. പരിശോധന 17 മണിക്കൂർ നീണ്ടു