10:15 AM (IST) Sep 20

മന്ത്രിയുടെ തെറ്റി​ദ്ധാരണ മൂലം സംഭവിച്ചത്; ജാതി വിവേചന പരാമർശം; വിശദീകരണവുമായി അഖില കേരള ശാന്തി ക്ഷേമ യൂണിയൻ

മന്ത്രി കെ രാധാകൃഷ്ണൻ തനിക്ക് ജാതി വിവേചനം നേരിട്ടെന്ന പരാമർശം നടത്തിയതിനെ തുടർന്ന് വിശദീകരണവുമായി അഖില കേരള ശാന്തി ക്ഷേമ യൂണിയൻ. മന്ത്രിയുടെ തെറ്റിധാരണ മൂലം സംഭവിച്ചതെന്നാണ് അഖില കേരള ശാന്തി ക്ഷേമ യൂണിയന്റെ വിശദീകരണം. അഖില കേരള തന്ത്രി സമാജവും സമാനമായ രീതിയിൽ വിശദീകരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. നട തുറന്നിരിക്കുന്ന സമയം ആയതിനാൽ പൂജാരിമാർ ക്ഷേത്രാചാരം പാലിക്കാൻ ശ്രമിച്ചതാണ്. ആരോപണം ക്ഷേത്ര സംസ്കാരത്തിന്റെ ഉന്മൂലനം ലക്ഷ്യം വച്ചെന്നും അഖില കേരള ശാന്തി ക്ഷേമ യൂണിയൻ ആരോപിച്ചു. 

10:15 AM (IST) Sep 20

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ചോദ്യം ചെയ്യൽ ഇന്നും തുടരും, എസി മൊയ്‌തീന് വീണ്ടും നോട്ടീസ് നൽകും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ ജീവനക്കാരുടെയും ഇടനിലക്കാരുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ തൃശൂർ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതി സതീഷ് കുമാർ നടത്തിയ ബെനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആണ് ശേഖരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എ സി മൊയ്‌തീൻ എംഎൽഎയ്ക്ക് വീണ്ടും നോട്ടീസ് നൽകും.

10:14 AM (IST) Sep 20

കെഎസ്ഇബി ഇൻകലിന് നൽകിയ 7മെഗാവാട്ട് പദ്ധതിയിൽ അഴിമതി; ചട്ടം ലംഘിച്ച് ഉപകരാർ നൽകി, കോഴയായി ഉറപ്പിച്ചത് 5കോടി രൂപ

കെഎസ്ഇബിയുടെ സൗരോർജ്ജ പദ്ധതികളിൽ നടക്കുന്നത് കോടികളുടെ അഴിമതി. സർക്കാരിന് പങ്കാളിത്തമുള്ള ഇൻകെലിന് കരാർ നൽകിയ ഏഴ് മെഗാവാട്ട് സൗരോർജ്ജ പദ്ധതിയിൽ ഉറപ്പിച്ചത് അഞ്ച് കോടിയോളം രൂപയുടെ കോഴ.ഇൻകെലിലെ ജനറൽ മാനെജർ സാംറൂഫസ് കോഴപ്പണം കൈപ്പറ്റിയതിന്‍റെ തെളിവുകളും ഇടനിലക്കാരന്‍റെ വെളിപ്പെടുത്തലും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഉപകരാർ പാടില്ലെന്ന കരാർ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഇൻകെലിന്റെ ഇടപാട്.

10:14 AM (IST) Sep 20

വനിത സംവരണ ബില്ല്; ലോക്സഭയിൽ ഇന്ന് ചർച്ച, സോണിയ ഗാന്ധിയും, സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കും

വനിത സംവരണ ബില്ലിന്മേൽ പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ലോക്സഭയിൽ ഇന്ന് ചർച്ച നടക്കും. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും. അഡ്വക്കേറ്റസ് ഭേദഗതി ബില്ലടക്കം ഇന്ന് സഭയിൽ വരാനിടയുണ്ട്.

10:14 AM (IST) Sep 20

ഞെട്ടിക്കുന്ന ക്രൂരത; 11കാരിയെ സമൂഹമാധ്യമത്തിലൂടെ വിൽപനക്ക് വെച്ച സംഭവം; പ്രതി രണ്ടാനമ്മയെന്ന് പൊലീസ്

തൊടുപുഴയിൽ 11 വയസ്സുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വിൽപനക്ക് വെച്ച സംഭവത്തിൽ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പോലീസ്. സൈബര്‍ സെല്ലിന‍്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ദിവസം മുമ്പാണ് ഇത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് പെൺകുട്ടിയും വല്യമ്മയും പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. കുട്ടിയുടെ മാതാവ് ഉപേക്ഷിച്ചു പോയതാണ്.