ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി കെടി ജലീലിൽ നിന്ന് തുടങ്ങി മന്ത്രി വി ശിവൻകുട്ടി വരെയുള്ള അപകട
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമങ്ങൾ കാറ്റിൽ പറത്തി ചീറിപ്പായുന്ന വിഐപി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവ്. 2017 മുതൽ ഇതുവരെ 13 അപകടങ്ങളിലായി നിരവധി പേർക്കാണ് പരിക്കേറ്റത്. ഇന്നലെ കൊട്ടാരക്കര ജങ്ഷനിൽ നടന്ന അപകടത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റ സംഭവം അടക്കം കൂട്ടിച്ചേർത്തതാണ് കണക്ക്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2017ൽ മന്ത്രി കെടി ജലീലിന്‍റെ ഔദ്യോഗിക വാഹനം എടപ്പാളിൽ അപകടത്തിൽപ്പെട്ടായിരുന്നു തുടക്കം. 2018ൽ മന്ത്രി എ.കെ ശശീന്ദ്രന്‍റെ വാഹനം അങ്കമാലിയിൽ അപകടത്തിൽപ്പെട്ടു. 2018 മെയ് മാസത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു. മുഖ്യമന്ത്രിയുടെയും മന്ത്രിയായിരിക്കെ എംഎം മണിയുടെയും അകമ്പടി വാഹനങ്ങളാണ് കൂടുതൽ അപകടങ്ങളുണ്ടാക്കിയത്.
മുഖ്യമന്ത്രിക്ക് പൈലറ്റ് പോയ ഹൈവേ പട്രോളിംങ് വാഹനം കൊട്ടാരക്കരയിൽ അപകടത്തിൽപ്പെട്ടതും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം കാൽനടയാത്രക്കാരനെ ഇടിച്ചിട്ടതും തിരുവല്ലയിൽ മന്ത്രി എംഎം മണിയുടെ വാഹനമിടിച്ച് ഒരാളുടെ കാൽ തകർന്നതും ഇതേ കാലത്തായിരുന്നു. പിന്നീട് മന്ത്രി എംഎം മണിക്ക് പൈലറ്റ് പോയ പൊലീസ് വാഹനം പന്തളത്ത് അപകടത്തിൽപ്പെട്ട സംഭവവും ഉണ്ടായി. മന്ത്രി എം.എം മണിക്ക് പൈലറ്റ് പോയ വാഹനം 2021 മെയിൽ ചങ്ങനാശ്ശേരിയിൽ അപകടത്തിൽപ്പെട്ടിരുന്നു. മന്ത്രിയായിരിക്കെ സി രവീന്ദ്രനാഥിന്‍റെ വാഹനം കൊരട്ടിയിൽ വെച്ച് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി.
Read More: മന്ത്രി എം എം മണിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം 2021 ഒക്ടോബറിൽ മന്ത്രി ചിഞ്ചു റാണിയുടെ കാർ തിരുവല്ലയിൽ അപകടത്തിൽപ്പെട്ടു. തിരുവല്ല ചിലങ്ക ജംങ്ഷനിൽ വച്ചായിരുന്നു അപകടം. 2021 ഡിസംബറിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം കളമശ്ശേരിയിൽ വെച്ച് അപകടത്തിൽപ്പെട്ടു. ഈ അപകടത്തിൽ സിഐ അടക്കം 4 പേർക്ക് പരിക്കേറ്റു. മന്ത്രി വിഎൻ വാസവന്റെ കാർ പാമ്പാടിയിൽ അപകടത്തിൽപ്പെട്ടത് 2022 ജനുവരിയിലാണ്. പാമ്പാടിയിൽ വച്ച് കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 2022 മെയിൽ മന്ത്രിയായിരുന്ന എംവി ഗോവിന്ദന്‍റെ വാഹനം അപകടത്തിൽപ്പെട്ടു. കണ്ണൂർ തളാപ്പിൽ വച്ചായിരുന്നു അപകടം.
