പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെ ആരംഭിച്ചു. പത്ത് വർഷത്തിന് ശേഷം യുഡിഎഫ് ഭരണപക്ഷത്തും പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രതിപക്ഷത്തും ഇരുന്നത് ഈ സമ്മേളനത്തിലെ പ്രധാന ആകർഷണമായി. പ്രോടേം സ്പീക്കർ ജി. സുധാകരൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ശേഷം സഭ പിരിഞ്ഞു.

തിരുവനന്തപുരം: പ്രവേശനോത്സവത്തിന്‍റെ ആവേശ ലഹരിയിലായിരുന്നു പതിനാറാം കേരള നിയമസഭയുടെ തുടക്കം. പത്ത് വര്‍ഷത്തിന്‍റെ ഇടവേളയ്ക്ക് ശേഷം പക്ഷം മാറിയതിന്‍റെ കൗതുകമായിരുന്നു സഭയ്ക്കകത്ത്. പ്രേടെം സ്പീക്കർ ജി സുധാകരന്‍റെ മുന്നിലായിരുന്നു എംഎല്‍എമാരുടെ സത്യപ്രതിജ്ഞ.സത്യപ്രതി‍ജ്ഞാ ചടങ്ങ് പൂര്‍ത്തിയായതോടെ സഭ നാളേക്ക് പിരിഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

സത്യപ്രതിജ്ഞക്ക് മുന്നോടിയായി അതിരാവിലെ മുതൽ തന്നെ നിയമസഭയും പരിസരവും നിറഞ്ഞ് കവിഞ്ഞിരുന്നു. എവിടെ നോക്കിയാലും ആവേശക്കാഴ്ചകളായിരുന്നു. പത്ത് വർഷം പ്രതാപത്തോടെ സഭവാണ പിണറായി വിജയനടക്കനുള്ള 35 പേർ പ്രതിപക്ഷ നിരയിൽ മാറിയിരുന്നു. വിഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും അടക്കം യുഡിഎഫ് നേതാക്കൾ മുൻനിരയിലും. ചെറുചാറ്റൽ മഴയുടെ അകമ്പടിയോടെയാണ് മന്ത്രിമാരും പ്രതിപക്ഷ നേതാവും എല്ലാം സഭക്കകത്തേക്ക് കയറിയത്. ചരിത്രത്തിലാദ്യമായി സഭയിൽ മൂന്നംഗ പങ്കാളിത്തം ഉറപ്പിച്ച ബിജെപി രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്ന് വൻ പ്രകടനം തന്നെ സംഘടിപ്പിച്ചു. പ്രചാരണ വേദിയിൽ തുടങ്ങിയ കൗതുക കാഴ്ചകൾ നിയമസഭയിലേക്കുള്ള പുതുപ്പള്ളി എംഎല്‍എ യാത്രയിലും ചാണ്ടി ഉമ്മൻ കൈവിട്ടില്ല. ഇത്തവണ സൈക്കിൾ റാലിയായിട്ടാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്. പിതാവ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷര്‍ട്ട് ധരിച്ചാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്.

അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത. മലയാളത്തിലും ഇംഗ്ലീഷിലുമായി എംഎല്‍എമാര്‍ സത്യവാചകം ചൊല്ലിയപ്പോള്‍ മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷറഫ് കന്നഡ ഭാഷയിലും ദേവികുളം എംഎല്‍എ എഫ്. രാജ തമിഴില്‍ സത്യവാചകം ചൊല്ലി വെറിച്ച് നിന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഗൗരവമാണ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് സ്പീക്കറുടെ ഡയസിലെത്തി പ്രോടെം സ്പീക്കര്‍ ജി.സുധാകരന് ഹസ്തദാനം ചെയ്തു. അതിനിടെ, എംഎല്‍എ ആയുള്ള സത്യപ്രതിജ്ഞയിലും മുഖ്യമന്ത്രി വി ഡി സതീശന്‍ പേരിനൊപ്പം പിതാവിന്റെ പേരായ ‘ദാമോദര മേനോന്‍’ ആവര്‍ത്തിച്ചു. എംഎല്‍എമാരുടെ സത്യപ്രതി‍ജ്ഞാ ചടങ്ങ് പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു. നാളെ രാവിലെ സഭ വീണ്ടും ചേരും.

സന്ദീപ് വാര്യർ