കേന്ദ്ര ഗ്രാന്റുകളില്‍ ഉണ്ടായ കുറവ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എംപിമാര്‍.
ദില്ലി: കേരളത്തിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. എളമരം കരീം, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, എഎ റഹീം തുടങ്ങിയവരുടെ സംഘമാണ് കേന്ദ്രമന്ത്രിയെ കണ്ടത്.
ഓണം അടക്കമുള്ള ആഘോഷങ്ങള്‍ വരാന്‍ പോകുന്ന സാഹചര്യത്തില്‍ പ്രത്യേക പരിഗണന നല്‍കി കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് എംപിമാര്‍ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതെന്ന് സിപിഐഎം അറിയിച്ചു. ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിലും, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും രാജ്യത്തിനാകെ മാതൃകയായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന സംസ്ഥാനമാണ് കേരളം. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും ദാരിദ്ര്യ നിര്‍മാര്‍ജനം, പൊതുവിപണിയിലെ വിലക്കയറ്റം തടയല്‍ മുതലായ പ്രവര്‍ത്തനങ്ങളും സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ മികച്ച രീതിയിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളിയും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക ഞരുക്കവും കേന്ദ്ര ഗ്രാന്റുകളില്‍ ഉണ്ടായ കുറവും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എംപിമാര്‍ നിര്‍മലാ സീതാരാമനോട് കൂടിക്കാഴ്ചയില്‍ പറഞ്ഞു.

