അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാനെ പിന്തുണച്ച് ജമാഅത്തെ ഇസ്ലാമി രംഗത്തുവന്നതിനു പിന്നാലെ, താലിബാനെ രൂക്ഷമായി വിമര്‍ശിച്ച് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രംഗത്ത്.

അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാനെ പിന്തുണച്ച് ജമാഅത്തെ ഇസ്ലാമി രംഗത്തുവന്നതിനു പിന്നാലെ, താലിബാനെ രൂക്ഷമായി വിമര്‍ശിച്ച് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ രംഗത്ത്. മതത്തെ അതിതീവ്രമായി അവതരിപ്പിക്കുന്ന എല്ലാ അതിവാദസംഘങ്ങളെയും ബൗദ്ധികമായി പ്രതിരോധിക്കുന്നതില്‍ ഒന്നിച്ചു നില്‍ക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ എന്‍ എം) ആവശ്യപ്പെട്ടു. ത്വാലിബാന്റെ നാളിതു വരെയുള്ള ചരിത്രം അത്യന്തം അപകടകരമാണെന്നും സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി പ്രസ്താവനയില്‍ വ്യക്തമാക്കി. 

''താലിബാന്‍ ആശയതലത്തില്‍ കാര്യമായ ഒരു മാറ്റവും ആധികാരികമായി പ്രകടമാക്കിയിട്ടില്ല. അഫ്ഗാനില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നടുക്കമുളവാക്കുന്നതാണ്. താലിബാന്‍ ഭരണത്തെ ജനങ്ങള്‍ ഭയപ്പെടുന്നുവെന്നതിന്റെ ഒട്ടേറെ തെളിവുകള്‍ പുറത്ത് വരുന്നുണ്ട്. ആയുധങ്ങള്‍ കൊണ്ട് നിരപരാധികളെ ഭയപ്പെടുത്തുന്നതും ഇസ്ലാമിനെ തെറ്റായി വ്യഖ്യാനിച്ച് അപരിഷ്‌കൃത നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന പ്രവണത അംഗീകരിക്കാനാവില്ല. അല്‍ഖാഇദ, ഐ എസ് തുടങ്ങിയ ഭീകരസംഘങ്ങളുമായുള്ള താലിബാന്റെ ചങ്ങാത്തം ഭയപ്പെടുത്തുന്നതാണ്. താലിബാന്റെ നീക്കങ്ങളും ഭീകരസംഘങ്ങളുമായുള്ള കൂട്ടുകൂടലും അവരുടെ പക്ഷത്തെ ന്യായീകരണങ്ങളെ പോലും പൂര്‍ണമായും റദ്ദ് ചെയ്യുന്നതാണ്.''- പ്രസ്താവന തുടരുന്നു.

..................................

Read More: താലിബാനില്‍ പ്രതീക്ഷയുണ്ടെന്ന് ജമാ അത്തെ ഇസ്ലാമി ഹിന്ദ്

..................................

മധ്യപൗരസ്ത്യ ദേശത്ത് ഭീതി വിതക്കുകയും മുസ്ലിംരാഷ്ട്രങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന മിലിറ്റന്റ് ഗ്രൂപ്പുകളോടുള്ള താലിബാന്റെ അയഞ്ഞ സമീപനവും കൂടുതല്‍ സംശയത്തിനും ദുരൂഹതക്കും കാരണമാകുന്നതാണെന്ന് പ്രസ്താവന വിശദീകരിച്ചു. '' അഫ്ഗാനെ തീവ്രഗ്രൂപ്പുകളുടെ മേച്ചില്‍ സ്ഥലമാക്കി നിലനിര്‍ത്താനും അതുവഴി ഇസ്ലാമിനെയും മുസ്ലിംകളെയും തേജോവധം ചെയ്യാനും അമേരിക്കയും സഖ്യകക്ഷികളും ഒരുക്കുന്ന നാടകമാണ് ഇപ്പോള്‍ അഫ്ഗാനില്‍ അരങ്ങേറുന്നത്. നീണ്ട ഇരുപതു വര്‍ഷത്തെ അമേരിക്കന്‍ അധിനിവേശം വമ്പിച്ച പരാജയമായിരുന്നു എന്നു ലോകം മനസ്സിലാക്കുകയാണ്. ഭീകരസംഘങ്ങളെയും ഇസ്ലാമിനെയും കൂട്ടിക്കെട്ടി ഉപന്യസിക്കാനുള്ള ഇസ്ലാം വിരുദ്ധ ശക്തികളുടെ ദുഷ്ടലാക്ക് തിരിച്ചറിയണം. ലോകത്തെ സൂക്ഷമ ന്യൂനപക്ഷം ചെയ്യുന്ന അരുതായ്മകള്‍ക്ക് മുസ്ലിംകളെ മൊത്തം അധിക്ഷേപിക്കുന്ന രീതി അംഗീകരിക്കാനാവില്ല.''-പ്രസ്താവനയില്‍ പറയുന്നു. 

തീവ്ര ഗ്രൂപ്പുകളുടെ കേന്ദ്രമായി അഫ്ഗാന്‍ മാറുന്നത് ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്ക് ഏറ്റവും വലിയ ഭീഷണിയാണ്. അതി തീവ്ര സ്വഭാവമുള്ള മിലിറ്റന്റ് ഗ്രൂപ്പുകളുടെ കെണി തിരിച്ചറിഞ്ഞു പുതു തലമുറയെ സംരക്ഷിക്കേണ്ട ബാധ്യത മുസ്ലിം സമുദായനേതാക്കള്‍ കൈകൊള്ളണമെന്നും ടി പി അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു.

ഇസ്ലാമിന്റെ ഉദാരവും അനുകമ്പാപൂര്‍ണവുമായ ഭരണവ്യവസ്ഥ ലോകത്തിനു മുമ്പില്‍ പ്രായോഗിക ഉദാഹരണമായി അവതരിപ്പിക്കാനുള്ള അവസരമാണ് നിലവില്‍ വന്നിരിക്കുന്നതെന്നായിരുന്നു താലിബാന്‍ അധികാരം പിടിച്ചെടുത്ത പശ്ചാത്തലത്തില്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ പ്രസിഡന്റ് സയ്യിദ് സഅദത്തുല്ല ഹുസൈനിയയുടെ പ്രസ്താവന. അഫ്ഗാനിസ്ഥാനില്‍ സുസ്ഥിരമായ ഭരണം വരുവാനുള്ള അവസരമാണ് നിലവില്‍ വന്നത്. ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ഇപ്പോള്‍ താലിബാനു നേരെയാണ്. അവരുടെ നടപടികളും സ്വഭാവവും ലോകം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.-'സാമ്രാജ്യത്വ ശക്തികള്‍ അഫ്ഗാനില്‍ നിന്നും പഠിക്കണം' എന്ന തലക്കെട്ടിലുള്ള പ്രസ്താവനയില്‍ പറയുന്നു.