അവസാനം വരേണ്ട 'കേരള' ആദ്യം വന്നു, മലയാളി വിദ്യാർഥികൾക്ക് അഡ്മിഷൻ നിരസിച്ചു; 'കോബ്സെ' തിരുത്തുമെന്ന് മന്ത്രി
ബോർഡ് ഓഫ് ഹയർ സെക്കണ്ടറി എക്‌സാമിനേഷൻസ് കേരള എന്നതിനു പകരം കേരള ബോർഡ് ഓഫ് ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 'കേരള' അവസാനം വരേണ്ടതിന് പകരം ആദ്യം വന്നതോടെ...
തിരുവനന്തപുരം: കോബ്സെ വെബ്‌സൈറ്റിൽ ഹയർസെക്കൻഡറി പരീക്ഷാ ബോർഡിന്റെ പേര് തെറ്റായ രേഖപ്പെടുത്തിയ സംഭവത്തിൽ കോബ്സെ ജനറൽ സെക്രട്ടറിയെ മന്ത്രി വി ശിവൻകുട്ടി നേരിട്ട് ബന്ധപ്പെട്ട് പിശക് തിരുത്താൻ ആവശ്യപ്പെട്ടു. പിശക് ഉടൻ തിരുത്തുമെന്ന് കോബ്സെ ജനറൽ സെക്രട്ടറി എം സി ശർമ അറിയിച്ചതായി മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
കൗൺസിൽ ഓഫ് ബോർഡ് ഓഫ് സ്‌കൂൾ എഡ്യൂക്കേഷന്റെ (കോബ്‌സെ) വെബ്‌പോർട്ടലിൽ ബോർഡ് ഓഫ് ഹയർ സെക്കണ്ടറി എക്‌സാമിനേഷൻസ് കേരള എന്നതിനു പകരം കേരള ബോർഡ് ഓഫ് ഹയർ സെക്കണ്ടറി എഡ്യൂക്കേഷൻ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 'കേരള' അവസാനം വരേണ്ടതിന് പകരം ആദ്യം വന്നത് കാരണം ഡൽഹി യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളേജുകളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ അഡ്മിഷൻ നിരസിക്കുന്ന സാഹചര്യം ഉണ്ടായി. ഇതോടെയാണ് മന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ടത്.
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന്‍റെ അറിയിപ്പ്
ഇതു സംബന്ധിച്ച പരാതികൾ ഉയർന്ന ഘട്ടത്തിൽ വിഷയത്തിൽ ഇടപെടാൻ മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐ എ എസിന് ചുമതലപ്പെടുത്തിയിരുന്നു. കോബ്സെയുടെ വെബ്‌സൈറ്റിൽ ബോർഡ് ഓഫ് ഹയർ സെക്കണ്ടറി എക്‌സാമിനേഷൻസ്, കേരള എന്നാക്കി തിരുത്തണമെന്നാവശ്യപ്പെട്ട് 2024 മാർച്ച് 7 ന് കോബ്സെ ജനറൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. എങ്കിലും തിരുത്തൽ ഉണ്ടാകാത്ത സാഹചര്യത്തിൽ 2024 സെപ്തംബർ 3 ന് വീണ്ടും കത്ത് നൽകി. എന്നാൽ ഇന്ന് പ്രസ്തുത വെബ്‌സൈറ്റിൽ ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേഷൻ, കേരള എന്ന് തിരുത്തിയതായി കണ്ടു. ഇതും ശരിയായ രീതിയിൽ അല്ലാത്തതിനാൽ വീണ്ടും തിരുത്തുന്നതിന് വേണ്ടി കോബ്‌സെയ്ക്ക് ഇന്ന് തന്നെ വീണ്ടും കത്ത് നൽകിയിരിക്കുകയാണ്. കത്ത് അയച്ചതിന് പിന്നാലെ മന്ത്രി വി ശിവൻകുട്ടി കോബ്സെ ജനറൽ സെക്രട്ടറി എം സി ശർമയെ നേരിട്ട് ബന്ധപ്പെട്ടു. പിശക് ഉടൻ തിരുത്തുമെന്ന് എം സി ശർമ മന്ത്രിയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം