കാട്ടാക്കട ആൾമാറാട്ട കേസ് പ്രതികളായി മുൻ എസ്എഫ്ഐ നേതാവ് വിശാഖ്, മുൻ പ്രിൻസിപ്പൽ ജി. ജെ ഷൈജു എന്നിവർ പൊലീസിൽ കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് ഇവർ കീഴടങ്ങിയത്. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആള്‍മാറാട്ട കേസിൽ പ്രതികള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. കേസിലെ ഒന്നാം പ്രതി എസ്എഫ്ഐ നേതാവ് വിശാഖ്, രണ്ടാം പ്രതി കോളജ് മുൻ പ്രിൻസിപ്പൽ ജി. ജെ.ഷൈജു എന്നിവരാണ് ഹാജരാകേണ്ടത്. രണ്ടു പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു.
Malayalam News Live: സിപിഎം നേതാവിന്റെ വീട് കയറി ആക്രമണം

തിരുവനന്തപുരത്ത് സിപിഎം നേതാവിൻ്റെ വീട് കയറി ആക്രമണം. തിരുവനന്തപുരം വിളപ്പിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം അസീസ് പേയാടിൻ്റെ വീട്ടിൽ ആണ് ബൈക്കിൽ എത്തിയ അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടറും പൾസർ ബൈക്കും ചെടിച്ചട്ടികളും അടിച്ചു തകർത്തു. വീടിന്റെ ജനലുകളും തകർത്ത്, മുൻ വാതിൽ വെട്ടിപ്പൊളിച്ച് അകത്തു കടന്നു. വീട്ടമ്മ ബഹളം വച്ചതോടെ ഇവർ പുറത്തേക്കിറങ്ങി ഓടി. പോലീസ് ഇവർക്കായുള്ള തിരച്ചിൽ ആരംഭിച്ചു
കാട്ടാക്കട ആൾമാറാട്ട കേസ്
എറണാകുളത്ത് തോരാതെ പെയ്ത് മഴ
കൊച്ചി: നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം ജില്ലയിൽ മഴ തുടരുകയാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ മഴ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ ഭാഗങ്ങളിലും ലഭിച്ച മഴ 50 മി. മീറ്ററിന് മുകളിലാണ്. 2018-ൽ പ്രളയജലം ഇറങ്ങിയ ഭാഗങ്ങളിൽ അതീവ ജാഗ്രത തുടരണമെന് ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശം. നാലംഗ സ്ക്വാഡ് രൂപീകരിച്ചുള്ള കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.
സാൻഫ്രാസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം
വാഷിംഗ്ടൺ: സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം. ഖലിസ്ഥാൻ വാദികളാണ് തീയിടാൻ ശ്രമിച്ചത്. പെട്ടെന്ന് തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലും സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻവാദികൾ അതിക്രമം നടത്തിയിരുന്നു.
തൃക്കാക്കരയിൽ യുഡിഎഫിന് ആശ്വാസം
കൊച്ചി: തൃക്കാക്കര നഗരസഭയിൽ ഭരണ പ്രതിസന്ധി ഒഴിവായതിന്റെ ആശ്വാസത്തിൽ യുഡിഎഫ്. യുഡിഎഫ് വിട്ട നാല് വിമതരിൽ ഒരാൾ തിരിച്ചെത്തി. 33ാം വാർഡ് കൗൺസിലർ വർഗീസ് പ്ളാശ്ശേരി ആണ് യുഡിഎഫിലേക്ക് തിരിച്ചെത്തിയത്. വർഗീസ് പ്ളാശ്ശേരി തിരിച്ചെത്തിയതോടെ 22 പേരുടെ പിന്തുണ ആയി. തൃക്കാക്കര നഗരസഭയിൽ 43 അംഗങ്ങളാണുള്ളത്. യുഡിഎഫിനുള്ള പിന്തുണ തുടരും എന്ന് വർഗീസ് പ്ളാശ്ശേരി നേതൃത്വത്തെ അറിയിച്ചു.
പോക്സോ കേസ് അട്ടിമറിക്കാൻ പ്രോസിക്യൂട്ടർ ശ്രമിച്ചെന്ന് വിജിലൻസ്
തിരുവനന്തപുരം: പോക്സോ കേസിലെ അതിജീവിതയുടെ മൊഴിമാറ്റാൻ സർക്കാർ അഭിഭാഷകൻ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് വിജിലൻസ്. നെയ്യാറ്റിൻകര പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് വിജിലൻസ് ഡയറക്ടർ സർക്കാരിനും ലീഗൽ സർവ്വീസ് അതോറിറ്റിക്കും റിപ്പോർട്ട് നൽകി. വിജിലൻസ് റിപ്പോർട്ടിൽ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ഉടൻ തുടർനടപടി സ്വീകരിക്കും.
മറുനാടൻ മലയാളി ഓഫീസിൽ റെയ്ഡ്
തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫീസുകളിൽ പൊലീസ് റെയ്ഡ്. തിരുവനന്തപുരം പട്ടം ഓഫിസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയിൽ എടുത്തത് സ്ഥാപനത്തിൽ പ്രവേശിക്കരുത് എന്നും ജീവനക്കാർക്ക് നിർദ്ദേശം രാത്രി 12 മണിയോടെ ആണ് നടപടി. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തു. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ്.
പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തന്നെ തുടങ്ങും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവർക്ക് സൗൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകൾ തുടങ്ങാൻ തടസ്സമില്ലെന്ന് ഇന്നലെ വിദ്യാഭ്യാസമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗം വിലയിരുത്തി. ഓരോ സ്കൂളിലും പൊതുപരിപാടി വെച്ച ശേഷമായിരിക്കും കുട്ടികളെ സ്വാഗതം ചെയ്യുക.
മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളം, കാസർകോട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് (ജൂലായ് 04) ലഭിച്ച റഡാർ ഇമേജിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പ്രകാരമുള്ള പി.എസ്.സി., യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല.
മഴ അതിതീവ്രമാകും
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ് കാസർകോട് കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. മറ്റന്നാൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. മലയോരമേഖലകളിലും തീരപ്രദേശങ്ങളുംഅതീവ ജാഗ്രത വേണം. അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിൽ കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.
ഇന്ന് വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്
തിരുവനന്തപുരം: കണക്ഷൻ ട്രെയിനുകൾ വൈകിയതിനെ തുടർന്ന് ഇന്ന് മൂന്ന് ട്രെയിൻ സർവ്വീസുകൾ വൈകിയോടും. തിരുവനന്തപുരം - ദില്ലി കേരള എക്സ്പ്രസ് പുറപ്പെടുന്നത് ആറു മണിക്കൂർ വൈകും.12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകീട്ട് 6.30ലേക്ക് മാറ്റി. എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്ന എറണാകുളം - പൂനെ പൂർണ എക്സ്പ്രസ് പുറപ്പെടുന്നത് പത്തര മണിക്കൂർ വൈകും. 2.15ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.45നാണൂ പുറപ്പെടുക. കണക്ഷൻ ട്രെയിനുകൾ വൈകിയതാണ് കാരണം.