Asianet News MalayalamAsianet News Malayalam

ദിവസങ്ങളോളം വെന്റിലേറ്ററിൽ; നിപയെ തോൽപ്പിച്ച് ജീവിതം തിരികെപ്പിടിച്ച് 9 വയസുകാരൻ; വലിയ നേട്ടമെന്ന് ആശുപത്രി

ആസ്റ്റർ മിംസിൽ ചികിത്സയിലുണ്ടായിരുന്ന 2 പേരും നെഗറ്റീവായെന്ന് ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി

Kerala Nipah virus affected 9 year old child who was on ventilator for days test negative kgn
Author
First Published Sep 29, 2023, 10:12 AM IST

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി. ഡബിൾ നെഗറ്റീവ് (ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ്) ആയതോടെയാണ് ഇവർ രോഗമുക്തരായെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. പിന്നാലെ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപത് വയസുകാരനടക്കം ആശുപത്രി വിട്ടു.

ആസ്റ്റർ മിംസിൽ ചികിത്സയിലുണ്ടായിരുന്ന 2 പേരും നെഗറ്റീവായെന്ന് ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 9 വയസുകാരനും ബന്ധുവുമാണ് നെഗറ്റീവായത്. കുട്ടി 6 ദിവസം വെന്റിലേറ്ററിലായിരുന്നുവെന്നും കുട്ടിയുടെ ജീവൻ രക്ഷിക്കാനായത് ആശുപത്രിയെ സംബന്ധിച്ച് വലിയ നേട്ടമാണെന്നും അവർ പറഞ്ഞു. ലോകത്ത് ആദ്യമായാണ് വെന്റിലേറ്ററിൽ ഇത്രയും ദിവസം കിടന്ന  നിപ രോഗി രക്ഷപെടുന്നത്. രണ്ട് നിപ രോഗികളുടെയും ഇതുവരെയുള്ള ചികിത്സ ചെലവ് ആശുപത്രി ഏറ്റെടുത്തുവെന്നും അവർ വ്യക്തമാക്കി.


ആദ്യം നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ 9 വയസുകാരനായ മകൻ, കുട്ടിയുടെ 25 വയസുള്ള ബന്ധു എന്നിവർ കോഴിക്കോട് മിംസ് ആശുപത്രിയിലും പിന്നീട് രോഗ ബാധിതരായ ആരോഗ്യ പ്രവർത്തകൻ, ചെറുവണ്ണൂർ സ്വദേശിയായ 39 വയസുകാരൻ എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് ചികിത്സയിലുണ്ടായിരുന്നത്.

നിപ  പ്രോട്ടോക്കോൾ പ്രകാരം നടത്തിയ ഇവരുടെ രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗ മുക്തരായതോടെ ഇവർ ആശുപത്രി വിട്ടു. ഇതോടെ ജില്ലയിൽ നിപ ആക്റ്റീവ് കേസുകളില്ലാതായി. ഡിസ്ചാർജ് ആയെങ്കിലും 14 ദിവസം വീട്ടിൽ ക്വാറന്‍റൈനിൽ തുടരണം. രോഗം ബാധിച്ച് ചികിത്സിയിലായിരുന്ന 9 വയസുകാരന്‍റെ നില അതീവ ഗുരുതരമായിരുന്നു. 6 ദിവസമാണ് കുട്ടി വെന്‍റിലേറ്ററിൽ കഴിഞ്ഞത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത് വലിയ നേട്ടമായാണ് കരുതുന്നത്.

രോഗം സംശയിക്കപ്പെട്ടതു മുത‌‌‌‌ൽ കടുത്ത നിയന്ത്രണങ്ങളും മുൻകരുതലുമായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും മുന്നിൽ നിന്നതോടെയാണ്  നിപ നിയന്ത്രണ വിധേയമായത്. നിലവിൽ 648 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ പോസീറ്റീവ് കേസുകളില്ലാത്തത് ആശ്വാസമാണ.  ഈ  സാഹചര്യത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയിരുന്നു.

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്

Follow Us:
Download App:
  • android
  • ios