Asianet News MalayalamAsianet News Malayalam

'ഇന്നും ആശ്വാസ ദിനം'; പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടെന്നും മന്ത്രി.

kerala-nipah-virus-updates-27 samples-test-negative-joy
Author
First Published Sep 21, 2023, 7:49 PM IST

തിരുവനന്തപുരം: ഇന്നും പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് ലഭിച്ച 27 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഐസൊലേഷനിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. നിലവില്‍ 981 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളതെന്നും മന്ത്രി അറിയിച്ചു. 

സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐ.സി.എം.ആര്‍. അംഗീകാരം നല്‍കിയെന്നും വീണാ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്.ഒ.പി. തയ്യാറാക്കും. ഐ.സി.എം.ആറുമായി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്നാണ് നടപടി. ഇതിലൂടെ കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമാകും. ട്രൂനാറ്റ് പരിശോധനയില്‍ പോസിറ്റീവാക്കുന്ന സാമ്പിളുകള്‍ മാത്രം തിരുവനന്തപുരം തോന്നക്കല്‍, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയച്ചാല്‍ മതിയാകുമെന്നും മന്ത്രി അറിയിച്ചു. 

എന്ത് കൊണ്ട് കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിക്കുന്നത് എന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ പ്രകാരം സംസ്ഥാനം സീറോ സര്‍വലന്‍സ് പഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലുള്ള വ്യക്തികളുടെ ആന്റിബോഡി പരിശോധിച്ചാണ് പഠനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. നിപ പ്രതിരോധത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനം പ്രവര്‍ത്തിച്ചു വരുന്നു. 81 സാമ്പിളുകളാണ് നിപ സംശയിച്ച് ഈ വര്‍ഷം മാത്രം പരിശോധിച്ചത്. നിപ പ്രോട്ടോകോളിന്റെ ഭാഗമായി പരിശീനം നടത്തുകയും ലാബ് സൗകര്യമൊരുക്കുകയും ചെയ്തു. ഈ വര്‍ഷം പുറത്തിറക്കിയ ആരോഗ്യ ജാഗ്രതാ കലണ്ടറിലും നിപ പ്രതിരോധമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 

പ്ലേറ്റിൽ കൊട്ടിയും പാടിയും പരിശീലനം; കൊതിപ്പിക്കുന്ന ദഫിന്‍റെ താളം, നബിദിനത്തിന് ഒരുങ്ങി മഹല്ല് കമ്മറ്റികൾ 
 

Follow Us:
Download App:
  • android
  • ios