Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ പ്രസംഗം മൂന്നര മണിക്കൂറിലധികം, ഉമ്മൻചാണ്ടിയുടെ റെക്കോഡ് പഴങ്കഥ!

സഭാചരിത്രത്തിൽ ഒരംഗം നടത്തിയ പ്രസംഗങ്ങളുടെ ചരിത്രത്തിലെ ഒരു റെക്കോഡാണ് ഇന്ന് പിറന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ബജറ്റ് പ്രസംഗത്തിന്‍റെ റെക്കോഡ് പിണറായി പഴങ്കഥയാക്കി. 

kerala niyamasabha live cm pinarayi vijayan long speech
Author
Thiruvananthapuram, First Published Aug 24, 2020, 9:43 PM IST

തിരുവനന്തപുരം: വൈകിട്ട് അഞ്ച് മണിക്ക് തീരേണ്ട സഭാസമ്മേളനമായിരുന്നു. ധനകാര്യബില്ലും അവിശ്വാസപ്രമേയവും, ഒപ്പം രാജ്യസഭാ തെരഞ്ഞെടുപ്പും മാത്രം അജണ്ടയിലുണ്ടായിരുന്ന സഭാസമ്മേളനം, ഒറ്റ ദിവസം മാത്രമായിരുന്നു നടത്താനുദ്ദേശിച്ചിരുന്നതും. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി സഭാസമ്മേളനം ഒറ്റദിവസം ചേർന്ന് പിരിയുമ്പോൾ കൂടെ ഒരു റെക്കോഡ് കൂടി പിറന്നു. പിണറായിയുടെ മാരത്തൺ മറുപടി. 

ഒരു നിയമസഭാംഗം സഭയിൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രസംഗം ഏതാണ്ട് മൂന്നേമുക്കാൽ മണിക്കൂർ നീണ്ടു. ഇതിന് മുമ്പ് ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം നടത്തിയത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് രണ്ട് മണിക്കൂർ 55 മിനിറ്റായിരുന്നു ഉമ്മൻചാണ്ടിയുടെ ബജറ്റ് പ്രസംഗം. 

എന്നാൽ സ്വർണക്കടത്ത്, ലൈഫ് മിഷൻ, യുഎഇ എംബസി നൽകിയ ഭക്ഷണക്കിറ്റിനൊപ്പം മതഗ്രന്ഥം എത്തിച്ച സംഭവം അടക്കം പല വിവാദങ്ങൾ പ്രതിപക്ഷം ഉന്നയിച്ചെങ്കിലും അതിനൊന്നും കഴമ്പുള്ള മറുപടിയല്ല മുഖ്യമന്ത്രി നൽകിയത് എന്ന് പ്രസംഗം പരിശോധിച്ചാൽ കാണാം. മുമ്പ് വിശദീകരിച്ച കാര്യങ്ങൾ ആവർത്തിക്കുകയല്ലാതെ, നാല് വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിയെണ്ണി നീണ്ടുനീണ്ട പ്രസംഗം നടത്തി മുഖ്യമന്ത്രി. എന്നാൽ ചോദ്യത്തിന് കൃത്യമായ ഉത്തരം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല. 

സ്വർണക്കടത്തുമായി ബന്ധപ്പെട്ടും ലൈഫ് മിഷനുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിക്ക് മറുപടിയെന്ത് എന്ന് ചോദിച്ച് പ്രതിപക്ഷം എഴുന്നേറ്റു നിന്നു. പിന്നീട് പ്രതിപക്ഷം കൂട്ടത്തോടെ നടുത്തളത്തിലിറങ്ങി. 

''വെറുതെ നടുത്തളത്തിൽ നിന്ന് രോഗികളാകണ്ട'', എന്ന് സ്പീക്കർ. ''കാട്ടുകള്ളാ പിണറായീ'', എന്ന് തുടങ്ങി മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിൽ ബഹളം തുടർന്നു. ബഹളത്തിനിടയിൽ നിന്നും മുഖ്യമന്ത്രി പ്രസംഗവും തുടർന്നു.

ബജറ്റ് പ്രസംഗം പോലെയുണ്ട്, ഇതെന്തിനാണ് ഇങ്ങനെ കിണറ് കുഴിച്ച കഥയും മോട്ടോർ വച്ച കഥയും മത്സ്യകൃഷിയെക്കുറിച്ചും പറയുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഇതൊക്കെ പ്രസക്തമായ കാര്യമല്ലേ, താങ്കൾ മത്സ്യം കഴിക്കാത്തതുകൊണ്ടാണ് താങ്കൾ ശ്രദ്ധിക്കാത്തത് എന്ന് പിണറായി തിരിച്ചടിച്ചു.

അപ്പോൾ പി ജെ ജോസഫ് ചോദ്യം ചോദിക്കാൻ എണീറ്റു. മറുപടി പറയാൻ പിണറായി ഇരുന്നപ്പോൾ, പിജെയുടെ ചോദ്യം:

''അല്ലാ, പശുവിനെക്കുറിച്ചൊന്നും പറ‌ഞ്ഞില്ലല്ലോ, അടുത്ത ബജറ്റിന് വല്ലതും ബാക്കി വയ്ക്കുമോ?'', എന്ന് പിജെ. സഭയിൽ കൂട്ടച്ചിരി.

''അല്ലാ, അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സുഭിക്ഷ കേരളം എന്ന പദ്ധതിയുണ്ടല്ലോ'', എന്നായി മുഖ്യമന്ത്രി. അതിനെക്കുറിച്ചും നീണ്ടു പ്രസംഗം.

തമാശകൾക്കെല്ലാമപ്പുറം, കാതലായ മറുപടികൾ വിവാദങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയിൽ നിന്ന് ജനം പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. ദൈർഘ്യമേറിയ പ്രസംഗം തടത്തി റെക്കോഡിട്ടു എന്നതല്ലാതെ. 

 

Follow Us:
Download App:
  • android
  • ios