തിരുവനന്തപുരം:  ഐസ്ആർഒ ചാരക്കേസിൽ പ്രതിയാക്കപ്പടുകയും, പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത ശാസ്ത്രജ്ഞൻ ഡി. ശശികുമാർ മരിച്ചുപോയെന്ന് നിയമസഭയിൽ പ്രസംഗിച്ച് പുലിവാലുപിടിച്ച് ജയിംസ് മാത്യു എംഎൽഎ. താൻ മരിച്ചിട്ടില്ലെന്നും, ഇത്തരം പരാമർശം നടത്തിയ ജയിംസ് മാത്യു എംഎൽഎ മാപ്പ് പറയണമെന്ന് ഡി. ശശികുമാർ ആവശ്യപ്പെട്ടു. 

നിയമസഭയിലെ അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ, ചാരക്കേസിൽ ഉൾപ്പെട്ട ശശികുമാർ മരിച്ചുപോയി എന്നാണ് ജയിംസ് മാത്യു പറഞ്ഞത്. അദ്ദേഹത്തിന്‍റെ വാക്കുകളിങ്ങനെ:

''1994-ൽ അന്ന് സ്വന്തം പാർട്ടിയിലെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിനായി പ്രചരിപ്പിച്ച കൊടുംനുണ, കൊടുംചതി, പിന്നിൽ നിന്നുള്ള കുത്ത്, ആ കുത്തിന്‍റെ ഫലം അനുഭവിച്ച ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, ഇന്ന് വലിയൊരു തുക നഷ്ടപരിഹാരം വാങ്ങിയില്ലേ? അതിൽ പ്രതിയാക്കപ്പെട്ട മറ്റൊരാൾ, ശശികുമാർ മരിച്ചുപോയി. എന്തും ചെയ്യാൻ മടിക്കാത്തവരാണ് നിങ്ങൾ. അന്ന് കരുണാകരനെ പിന്നിൽ നിന്ന് കുത്തുന്നതിന് ഒപ്പം നിന്ന ഒരാൾ പിന്നീട് കേരളത്തിന്‍റെ മുഖ്യമന്ത്രിയായി'', എന്ന് ജയിംസ് മാത്യു എംഎൽഎ. 

എന്താണിതിന്‍റെ വസ്തുത? 

ഐഎസ്ആർഒ ചാരക്കേസിൽ ആരോപണവിധേയരായ ഏഴ് പേരിൽ ഒരാളായിരുന്നു ഡി. ശശികുമാർ എന്ന ശാസ്ത്രജ്ഞൻ. ഐഎസ്ആർഒയുടെ ക്രയോജനിക് ടെക്നോളജി ഡിവിഷന്‍റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു അദ്ദേഹം. ഇല്ലാത്ത ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനൊപ്പം ഇദ്ദേഹവും അറസ്റ്റ് ചെയ്യപ്പെട്ടു. റഷ്യയിൽ നിന്നുള്ള ക്രയോജനിക് ടെക്നോളജി ട്രാൻസ്ഫറിന്‍റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. 1999-ൽ വിരമിച്ചതിന് ശേഷം അദ്ദേഹം തിരുവനന്തപുരത്ത് താമസിച്ചുവരുന്നു. 

അപ്പോൾ ജയിംസ് മാത്യു പറഞ്ഞത്?

ഐഎസ്ആർഒ ചാരക്കേസിൽ പ്രതിയാക്കപ്പെട്ടവരിൽ മരിച്ചുപോയത് ഡി ചന്ദ്രശേഖറാണ്. അദ്ദേഹം, റഷ്യൻ സ്പേസ് ഏജൻസിയായ ഗ്ലാവ്കോസ്മോസിന്‍റെ ഇന്ത്യൻ പ്രതിനിധിയായിരുന്നു. നമ്പി നാരായണനും, ഡി ശശികുമാറിനുമൊപ്പം ഇദ്ദേഹവും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി വിധിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേയാണ് അദ്ദേഹം അന്തരിച്ചത്. കുടുംബത്തോടൊപ്പം നോർത്ത് ബെംഗളുരുവിലെ വിദ്യാരണ്യപുരയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 

ഡി. ശശികുമാറുമായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിമുഖം: