Asianet News MalayalamAsianet News Malayalam

'ശശീന്ദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ല', മുഖ്യമന്ത്രി, രാജി തേടി പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് അനുമതിയില്ല

സഭയിൽ ചോദ്യോത്തരവേളയുടെ സമയത്ത് തന്നെ പ്രതിഷേധിക്കുമെന്ന് കരുതിയവർക്കെല്ലാം തെറ്റി. ചോദ്യോത്തരവേളയുടെ സമയത്ത് വളരെ സമാധാനപരമായി പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കുന്നു. ഇനി ചർച്ചകളുടെ സമയത്ത് സഭ പ്രക്ഷുബ്ധമാകുമോ?

kerala niyamasabha live updates opposition to protest on ak saseendran issue
Author
Thiruvananthapuram, First Published Jul 22, 2021, 10:34 AM IST

തിരുവനന്തപുരം: നിയമസഭാ സമ്മേളനം തുടങ്ങിയ ഇന്ന് തന്നെ മന്ത്രി എ കെ ശശീന്ദ്രനെതിരായ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. പീഡനപ്പരാതി 'നല്ല നിലയിൽ' ഒതുക്കിത്തീർക്കാൻ ഇടപെട്ട മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. സ്ത്രീപീഡനം ഒത്തുതീർക്കാൻ മന്ത്രി ഇടപെട്ടത് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേത്തുടർന്ന് സഭയിൽ നിന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. 

ഇതിനിടെ, സഭയ്ക്ക് പുറത്ത് യുവമോർച്ചാ പ്രവർത്തകർ എ കെ ശശീന്ദ്രനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. നിയമസഭാ കോംപ്ലക്സിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജനസംഘടനകളും ഇവിടേക്ക് പ്രതിഷേധവുമായി എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

'ഇടപെട്ടത് പാർട്ടിക്കാർ തമ്മിലുള്ള വിഷയത്തിൽ'

സഭയിൽ മുഖ്യമന്ത്രി എ കെ ശശീന്ദ്രൻ വിഷയത്തിൽ മറുപടി നൽകുകയും ചെയ്തു. പ്രശ്നം സഭ നിർത്തിവച്ച് ചർച്ച ചെയ്യണ്ട കാര്യമില്ല. പൊലീസ് കേസെടുക്കാൻ വൈകിയോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. ശശീന്ദ്രൻ ചെയ്തത് പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടുക മാത്രമാണ്. എൻസിപി കൊല്ലം ഗ്രൂപ്പിൽ തനിക്കെതിരായി നടന്ന വാട്സാപ്പ് പ്രചാരണത്തിൽ യുവതി പരാതി നൽകിയിരുന്നു. എൻസിപി സംസ്ഥാന ഭാരവാഹി പത്മാകരൻ തന്‍റെ കയ്യിൽ കയറി പിടിച്ചെന്ന പരാതിയിൽ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്റ്റേഷനിൽ ഹാജരായില്ല. പിന്നീട് കേസ് റജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ട്, മുഖ്യമന്ത്രി പറഞ്ഞു. 

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഉപവാസമനുഷ്ഠിച്ച ഗവർണറുടെ സമരത്തെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോൾ, അത് ഗാന്ധിയൻ സമരമാണെന്നും, ഇത് സർക്കാരിനെതിരെയുള്ള നീക്കമായി ഉയർത്തിക്കാട്ടാൻ ചിലർ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പാർട്ടിക്കാര്യമെന്ന തരത്തിലാണ് ഇടപെട്ടത്. എന്നാൽ അപ്പുറത്ത് ഇത് മറ്റിടങ്ങളിൽ എത്തിക്കാനായിരുന്നു ശ്രമം, ഇത് മന്ത്രി അറിഞ്ഞിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ല, എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

എന്നാൽ ഇതിനെ ശക്തമായി എതിർത്ത എംഎൽഎ പി സി വിഷ്ണുനാഥ്, മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിച്ചു. എ കെ ശശീന്ദ്രൻ രാജി വയ്ക്കണം, അതല്ലെങ്കിൽ മുഖ്യമന്ത്രി ശശീന്ദ്രന്‍റെ രാജി എഴുതിവാങ്ങണം. പരാതികൾ അന്വേഷിക്കാൻ പാർട്ടി ഓഫീസുകളെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ടോ? പൊലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. മുഖ്യമന്ത്രിക്ക് പൊലീസ് നൽകിയത് കളവായ റിപ്പോർട്ടാണ്. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. പെൺകുട്ടിയുടെ മൊഴി പോലും പൊലീസ് എടുത്തിട്ടില്ല. മന്ത്രി പീഡനപ്പരാതിയിൽ ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നാണ് വാർത്ത. നിയമനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് മന്ത്രി വിളിച്ചത്. പീഡന പരാതി ഭ്രൂണാവസ്ഥയിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച ആരാച്ചാരാണ് മന്ത്രിയെന്നും വിഷ്ണുനാഥ് ആരോപിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios